നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിച്ച് മികച്ച പ്രകടനം പുറത്തെടുത്ത് പി.വി. അന്‍വര്‍. രണ്ടുവട്ടം നിലമ്പൂരില്‍ നിന്നും എം.എല്‍.എയായ അന്‍വര്‍ എട്ടു റൗണ്ട് കഴിഞ്ഞപ്പോള്‍ പതിനായിരത്തിലേറെ വോട്ടുകളാണ് നേടിയത്. പിണറായിസത്തിനെതിരെയുള്ള വോട്ടുകളാണ് തനിക്ക് കിട്ടിയത് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്‍റെ വോട്ടുപിടിച്ചുവെന്ന് പറയേണ്ടെന്നും എല്‍ഡിഎഫില്‍ നിന്നാണ് കൂടുതല്‍ വോട്ടുകള്‍ തനിക്ക് കിട്ടിയതെന്നും അന്‍വര്‍ അവകാശപ്പെട്ടു. സ്വരാജിന് യുഡിഎഫ് ക്രോസ് വോട്ടുചെയ്തുവെന്ന ആരോപണം അന്‍വര്‍ ആവര്‍ത്തിച്ചു.
അതേസമയം, അന്‍വര്‍ നിര്‍ണായക ശക്തിയാണെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. വോട്ടെടുപ്പില്‍ അന്‍വര്‍ ഘടകമായെന്നും ജനങ്ങള്‍ക്കിടയിലെ സ്വാധീനം തെളിയിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇത്രയും വോട്ടു കിട്ടുന്നയാളെ തള്ളാനാകില്ല. അടച്ച വാതില്‍ തുറക്കാന്‍ പ്രയാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.