rajbhavan-yoga

കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം വീണ്ടും രാജ്ഭവന്‍ വേദിയില്‍. യോഗദിന പരിപാടിയിലാണ് ചിത്രത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പുഷ്പാര്‍ച്ചന നടത്തിയത്. രാജ്ഭവനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും ഇങ്ങനെ പോയാല്‍ സഹകരിക്കാനാവില്ലെന്നും  മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ എന്തോ മറക്കാനാണ്  വിവാദം ഉണ്ടാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരിച്ചടിച്ചു. 

രാജ്ഭവനിലെ യോഗാദിന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളും അഡിഷണല്‍ചീഫ് സെക്രട്ടറി ഉള്‍പ്പെടെ രാജ്ഭവനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.  സിപിഎമ്മിന്‍റെ ഭാരതവിരുദ്ധ വികാരമാണ് പുറത്തുവരുന്നതെന്നായിരുന്നു ബിജെപി നേതാവ് എം.ടി.രമേശിന്‍റെ പ്രതികരണം. എന്നാല്‍ നാടിന്‍റെ അഭിമാനം സംരക്ഷിക്കുന്ന നടപടിയാണ്  രാജ്ഭവനിലെ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയതോടെ വിദ്യാഭ്യാസ മന്ത്രി നടത്തിയതെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ അഭിപ്രായം. 

അതിനിടെ, കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ പ്രതിഷേധം തെരുവില്‍. വ്യാപക പ്രതിഷേധമാണ് ഗവര്‍ണര്‍ക്കെതിരെ ഉയര്‍ന്നത്.  തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെയും കോഴിക്കോട്ട് വിദ്യാഭ്യാസമന്ത്രിക്കെതിരെയും യുവജന സംഘടനകള്‍ പ്രതിഷേധിച്ചു.  തിരുവനന്തപുരത്ത് എസ്.എഫ്.ഐ വീണ്ടും ഗവര്‍ണര്‍ക്കെതിരെ ബാനര്‍ കെട്ടി.  സിഐടിയു രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചത്. കോഴിക്കോട്ട് മന്ത്രി വി.ശിവന്‍കുട്ടിയുടെ കോലം കത്തിച്ചായിരുന്നു ബിജെപിയുടെ മറുപടി പ്രതിഷേധം.

ENGLISH SUMMARY:

A controversial "Bharatamba" portrait with a saffron flag reappeared at Kerala's Raj Bhavan for a Yoga Day event, with Governor Arlekar offering flowers. Minister V. Sivankutty criticized it as RSS control, while Union Minister Suresh Gopi dismissed it as a diversion