മലപ്പുറം വഴിക്കടവ് രണ്ടാം നമ്പർ ബൂത്തിൽ റീപോളിങ് ആവശ്യപ്പെട്ട് ഡി.സിസി പ്രസിഡന്റ് വി.എസ്. ജോയ്. വോട്ടിങ് യന്ത്രത്തിലെ വി.വി. പാറ്റ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള ബൂത്താണിതെന്നും, ഇത് സാങ്കേതിക തടസ്സമാണെന്ന് കരുതുന്നില്ലെന്നും വി.എസ്. ജോയ് പറഞ്ഞു. കനത്ത മഴ വോട്ടിങ്ങിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും രാവിലെ തന്നെ വോട്ടുചെയ്തു. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം.സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സ്വരാജ് പറഞ്ഞു.
ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫും എൽഡിഎഫും തമ്മിലുളള നേരിട്ടുള്ള മല്‍രമാണ് നടക്കുന്നതെന്നും ഷൗക്കത്ത്. അൻവർ ഘടകമാകുമോയെന്ന ചോദ്യത്തിന് കുറെ സ്വതന്ത്രൻമാർ മൽസരിക്കുന്നുണ്ടല്ലോയെന്നായിരുന്നു ഷൗക്കത്തിന്റെ മറുപടി. മഴ പ്രശ്നമല്ല പോളിങ് ശതമാനം കൂടുമെന്നും ഷൗക്കത്ത്. കുടുംബസമേതമെത്തിയാണ് ആര്യാടൻ ഷൗക്കത്ത് വോട്ട്ചെയ്തത്.