നിലമ്പൂരിൽ യുഡിഎഫ് ക്യാംപിന്റെ ആത്മവിശ്വാസം കൂട്ടി പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം. വന്യജീവി ആക്രമണവും ആശാസമരവും ക്ഷേമ പെൻഷൻ കുടിശികയും ഉയർത്തി സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു പ്രിയങ്കയുടെ പ്രസംഗങ്ങൾ. കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിന് സ്ത്രീകൾ പ്രിയങ്കയെ കാണാൻ എത്തി.
തോരാമഴക്കിടയിലേക്കാണ് മൂത്തേടത്തെ റോഡ് ഷോയിലേക്ക് പ്രിയങ്ക എത്തിയത്. കുടചൂടിയും റെയിൻകോട്ട് ഇട്ടും മഴയെ തോൽപ്പിച്ചു ആളുകൾ ആവേശം കൂട്ടി. മഴയെക്കുറിച്ച് മലയാളത്തിൽ സംസാരിച്ചു പ്രിയങ്ക നിറഞ്ഞ കൈയ്യടിയിൽ പ്രസംഗം തുടങ്ങി.
മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയമായ വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച പ്രിയങ്ക പഴയ നിയമത്തെ പഴിച്ച് രക്ഷപെടാൻ നോക്കേണ്ടെന്ന് പറഞ്ഞു. ആശാ പ്രവർത്തരരെ ധീര വനിതകൾ എന്ന് വിശേഷിപ്പിച്ച പ്രിയങ്ക ക്ഷേമ പെൻഷൻ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ആശോപിച്ചു . നിലമ്പൂർ ചന്തക്കുന്നിലും പ്രിയങ്ക പ്രചാരണം നടത്തി.