നിലമ്പൂരിൽ കലാശപ്പോരിലേക്ക് കടന്ന് മുന്നണികൾ. കനത്ത മഴയ്ക്കിടയിലും പ്രചാരണ ആവേശം ചോരാതെ എല്ലാ ശക്തിയും പുറത്തെടുക്കുകയാണ് സ്ഥാനാർഥികളും പാർട്ടികളും. യുഡിഎഫിന്‍റെ വെൽഫയർ പാർട്ടി പിന്തുണയിൽ തന്നെ പ്രചാരണം നിലനിർത്താൻ സിപിഎം ശ്രമിക്കുമ്പോൾ ഭരണനേട്ടങ്ങൾ പറഞ്ഞ് വോട്ട് തേടാൻ ഭരണപക്ഷത്തെ വെല്ലുവിളിക്കുകയാണ് യുഡിഎഫ്.
നിലമ്പൂരിൽ പരസ്യപ്രചാരണത്തിന് നാളെ പൂട്ടുവീഴും. അവസാന നിമിഷത്തിലും വോട്ടർമാരുടെ മനസിൽ കയറാൻ തന്ത്രങ്ങൾ മാറ്റി മാറ്റി പയറ്റുകയാണ് മുന്നണികൾ. അവസാന ലാപ്പിലും യുഡിഎഫിന് വെൽഫയർ പാർട്ടി പിന്തുണയിൽ തന്നെ ചർച്ചകളെ പിടിച്ചുനിർത്താൻ ശ്രമിക്കുയാണ് സിപിഎം. സിപിഎം വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിരുന്ന കാലം ഓർമ്മിപ്പിക്കുന്ന യുഡിഎഫ്, ഒന്‍പത് വർഷത്തെ ഭരണനേട്ടം പറയാത്തതെന്തെന്ന് ചോദിക്കുകയാണ്.
അവസാന ലാപ്പിൽ സ്ഥാനാർത്ഥികളും കൊമ്പു കോർത്തു. ആദ്യം വിദ്വേഷം പ്രചരിപ്പിച്ച യുഡിഎഫ് ഇപ്പോൾ വന്യജീവി ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇടത് സ്ഥാനാർഥി എം.സ്വരാജ് പറഞ്ഞു. വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചതിന് രണ്ട് കേസുകളിൽ പ്രതിയാണെന്ന് ഓർമിപ്പിച്ച് സ്വരാജിന് മറുപടിയുമായി ആര്യാടൻ ഷൗക്കത്തും രംഗത്തുവന്നു.