നിലമ്പൂരിൽ പഞ്ചാബി ഹൗസ് മാതൃകയിൽ ഒരു പന്തൽ. ഈ പന്തലിന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായുള്ള ബന്ധം എന്താണെന്ന് പരിശോധിക്കാം. നിലമ്പൂർ ടൗണിനോട് ചേർന്ന് കോടതിപ്പടിയിലാണ് വലിയ പന്തൽ നിർമിച്ചത്.
സിപിഎമ്മിന് വേണ്ടി നിർമിച്ച അതേ പന്തലിൽ യുഡിഎഫ് സ്ഥാനാർഥിയുടെ കൺവെൻഷൻ നടത്താൻ നേതൃത്വം. യുഡിഎഫും എൽഡിഎഫും നടത്തിയ പന്തലിൽ തന്നെ കൺവെൻഷൻ നടത്താൻ എൻഡിഎയും തീരുമാനിച്ചതോടെ പന്തൽ നിർമിച്ചയാൾക്കു ലാഭകരവുമായി. നിലമ്പൂർ ടൗണിനോട് ചേർന്ന് ഇത്രയധികം സൗകര്യമുള്ള മറ്റൊരു സ്ഥലം കിട്ടാനില്ലാത്തതും മൂന്ന് മുന്നണികളും രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരേ പദ്ധതിയിൽ പരിപാടി നടത്താൻ തീരുമാനിച്ചതിനു പിന്നിലുള്ള കാരണമാണ്.
പതിറ്റാണ്ടുകൾക്ക് മുൻപ് ഇതേ സ്ഥലത്ത് രാജീവ് ഗാന്ധിയടക്കം പ്രസംഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി ഏഴ് ദിവസം മാത്രമാണ് ശേഷിക്കുന്നത്. കനത്ത മഴ കുറഞ്ഞതിനൊപ്പം പന്തലിന് പുതിയ ഓർഡറുകൾ ഒന്നും കിട്ടാത്ത സാഹചര്യത്തിൽ പൊളിച്ചു മാറ്റാനുള്ള ആലോചനയിലാണ് പന്തൽ ഉടമ.