മുനമ്പത്തെ ഭൂ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ആവേശം ആറിത്തണുത്തു. വഖഫ് നിയമത്തിന്‍റെ ചട്ടങ്ങള്‍ രൂപീകരിച്ചാല്‍ ഭൂമി പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയുടെ ഉറപ്പ്. മുനമ്പം ജനതയുടെ സംശയങ്ങള്‍ക്ക് മൂന്ന് ആഴ്ചയ്ക്കകം ഉത്തരം നല്‍കുമെന്നും കിരണ്‍ റിജിജു വാക് നല്‍കിയിരുന്നു. മന്ത്രി മുനമ്പത്തെത്തി രണ്ട് മാസമാകുമ്പോഴും ചട്ടവുമില്ല, ചോദ്യങ്ങള്‍ക്ക് ഉത്തരവുമില്ല.
വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ അതിന്‍റെ രാഷ്ട്രീയ സാധ്യതകളില്‍ ഉന്നമിട്ടാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു മുനമ്പത്തെ സമരപ്പന്തലിലെത്തിയത്. പുതിയ നിയമം എങ്ങിനെ ഗുണം ചെയ്യുമെന്ന മുനമ്പത്തുകാരുടെ സംശയം നീങ്ങിയില്ലെങ്കിലും മന്ത്രി ഉറപ്പു നല്‍കി; ആര്‍ക്കും ഭൂമി നഷ്ടമാകില്ലെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. 55 ദിവസം പിന്നിട്ടു. ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. സംശയങ്ങള്‍ക്ക് മറുപടിയും ലഭിച്ചില്ല.