മൂന്നാം എല്‍ഡിഎഫ് സർക്കാരിനുള്ള മുതൽകൂട്ടാകും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് മനോരമ ന്യൂസിനോട്. മറ്റ് രാഷ്ട്രീയ നിലപാടുള്ളവരും തനിക്കൊപ്പമുണ്ട്. ഭീഷണിയും വെല്ലുവിളിയും  രാഷ്ട്രീയത്തിൽ ഒഴിവാക്കേണ്ടതാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്നെങ്കിലും മനസിലാക്കുമായിരിക്കുമെന്നും സ്വരാജ് പറഞ്ഞു. അതേസമയം, നിലമ്പൂരില്‍ അൻവർ ഫാക്ടർ ഇല്ലെന്നും അൻവർ യുഡിഎഫിന്‍റെ തലവേദനയാണെന്നും അദ്ദേഹം തുറന്നടിച്ചു.  

അതേസമയം, എം സ്വരാജ് - ആര്യാടൻ ഷൗക്കത്ത് സൂപ്പർ പോരാട്ടത്തിൽ പി.വി.അൻവർ കളത്തിലില്ല. സ്വരാജിലൂടെ ഇടതു വോട്ടുകൾ എൽഡിഎഫ് ഉറപ്പിക്കുമ്പോൾ അവിടെ ഒരു വിള്ളൽ ഉണ്ടാക്കാൻ അൻവറിന് പ്രയാസവുമാണ്. നാളുകള്‍ക്ക് ശേഷം നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഉന്നത നേതാവ് തന്നെ മല്‍സരിക്കാനെത്തുന്നതിന്‍റെ ആവേശത്തിലാണ് നിലമ്പൂരിലെ സിപിഎം പ്രവര്‍ത്തകരും. എന്നാല്‍ അന്‍വറിന്‍റെ പിന്‍മാറ്റം യുഡിഎഫ് ക്യാംപിന് ആശ്വാസം പകരുന്നുവെന്ന് വിലയിരുത്തുന്നവരും കുറവല്ല. മുന്നണി പ്രവേശനത്തിലടക്കം യു ഡി എഫ് നിലപാട് എടുത്തതും അൻവറിനെ കൂടെ നിർത്താൻ വേണ്ടിയാണ് , അതിലൂടെ മല്‍സരം ഒഴിവാക്കാമെന്നുമായിരുന്നം പ്രതീക്ഷ. യു ഡി എഫിലേക്ക് ഇല്ലെന്ന് അൻവർ പറഞ്ഞെങ്കിലും മല്‍സരത്തില്‍ നിന്നു പിന്മാറിയതിനെ ആശ്വാസമായി കോണ്‍ഗ്രസ് നേതൃത്വം കാണുന്നുണ്ട്. 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ യുഡിഎഫില്‍ ചേരാനോ ഇല്ലെന്നായിരുന്നു മാധ്യമങ്ങളോട് പി.വി.അന്‍വറിന്‍റെ പ്രതികരണം. ഇനി ആരും തന്നെ ചര്‍ച്ചയ്ക്ക് വിളിക്കരുതെന്നും രണ്ടു മുന്നണികളും കൂടി തന്നെ ഞെക്കി ഇല്ലാതെയാക്കിയെന്നും ജീവന്‍ മാത്രമാണ് ബാക്കിയെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫില്‍ തന്നെ ഘടകകക്ഷിയാക്കാതിരിക്കുന്നത് വി.ഡി.സതീശനാണ്. സതീശന് തന്നോട് വ്യക്തി വിരോധം ഇല്ലെന്നും ചിലര്‍ സതീശനെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ യുഡിഎഫില്‍ വന്നാല്‍ അധികപ്രസംഗം തുടരുമെന്നായിരുന്നു തനിക്കെതിരായ പ്രചാരണം. ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന തന്നെ വട്ടപ്പൂജ്യത്തിലേക്ക് എത്തിച്ചെന്നും മല്‍സരിക്കണമെങ്കില്‍ പണം വേണം അത് തന്‍റെ കൈവശമില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. 

ENGLISH SUMMARY:

LDF candidate M. Swaraj has stated that P.V. Anwar is more of a headache for the UDF in the Nilambur by-election. He emphasized that the election result will be a stepping stone for the third LDF government and added that even those with differing political views are supporting him. Swaraj also called for a political culture free of threats and challenged Youth Congress leadership to show maturity.