സി.ഹാരിദാസ്

സി.ഹരിദാസ്

  • അൻവറിന്റെ ഉള്ളിൽ കോൺഗ്രസ് രക്തമാണ്. യുഡിഎഫ് വിജയത്തിന് അൻവറും കൂടെയുണ്ടാകും
  • ആര്യാടൻ മുഹമ്മദിനെ പോലെ മതേതരവാദിയും മിടുക്കനുമാണ് ഷൗക്കത്ത്
  • രാഷ്ട്രീയ പാർട്ടികൾ വർഗീയതയോട് സന്ധി ചെയ്യുന്നതിൽ വിഷമമുണ്ട്
  • ഒരേ കുടക്കീഴിൽ നിന്ന ടി.കെ.ഹംസയും ഞാനും രണ്ട് പാളയത്തിൽ മത്സരിച്ചപ്പോഴും മത്സരം ആരോഗ്യകരമായിരുന്നു.

മൂന്നാമതൊരിക്കല്‍ക്കൂടി  ഉപതിരഞ്ഞെടുപ്പെത്തുമ്പോള്‍ അത്യപൂർവമായൊരു  രാഷ്ട്രീയ ചരിത്രം പറയാനുണ്ട് നിലമ്പൂരിന്. ഇടതുമുന്നണിയോട് തെറ്റിപ്പിരിഞ്ഞ പി.വി.അൻവറിന്റെ രാജിയാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുക്കിയത്. മണ്ഡലത്തിലെ എം എൽ എ ആയിരുന്ന കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ആദ്യ ഉപതിരഞ്ഞെടുപ്പ്: 1969 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.പി. ഗംഗാധരൻ വിജയിച്ചു.  എന്നാല്‍ 1980ലെ ഉപതിരഞ്ഞെടുപ്പ്  ആര്യാടന്‍ മുഹമ്മദിന് മല്‍സരിക്കാന്‍  സി. ഹരിദാസ് എംഎല്‍എ സ്ഥാനം രാജിവച്ചിനാലായിരുന്നു.  അതുവഴി പിറന്നത് സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ഇനിയും തിരുത്താത്ത ഒരു റെക്കോര്‍ഡ് കൂടിയാണ്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞകാലം  എംഎല്‍എയായിരുന്ന വ്യക്തിയായി അതോടെ ഹരിദാസ്. കേവലം 10 ദിവസം.

കെ‌എസ്‌യു , യൂത്ത് കോൺഗ്രസ് പ്രവർത്തകനായി മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായ സി.ഹരിദാസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആന്‍റണിക്കൊപ്പമാണ് നിലയുറപ്പിച്ചത് . ഇടതുമുന്നണിയുടെ ഭാഗമായി നിന്ന് നിലമ്പൂരില്‍ മല്‍സരത്തിനിറങ്ങിയ  ഹരിദാസിന്‍റെ എതിരാളിയാകട്ടെ  ടി.കെ.ഹംസയും . ഇന്നത്തെ സിപിഎം നേതാവ് അന്ന്  ഹരിദാസിനെ എതിര്‍ത്തത് കോണ്‍ഗ്രസ് ടിക്കറ്റിലും. ഹംസയെ അന്ന് 7029 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  ഹരിദാസ് തോല്‍പ്പിച്ചത്.  ഫെബ്രുവരി 15 ന് സത്യപ്രതിജ്ഞ ചെയ്ത് ഹരിദാസ് നിയമസഭാംഗമായി. ഇടത് ടിക്കറ്റില്‍ ലോക്സഭയിലേക്ക്  മല്‍സരിച്ച് തോറ്റ ആര്യാടന്‍ മുഹമ്മദിനെ  മുന്‍ധാരണപ്രകാരം നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍ വനം മന്ത്രിയാക്കിയാക്കി. മന്ത്രിയായ ആര്യാടനെ സുരക്ഷിതമായി ജയിപ്പിച്ചെടുക്കാന്‍ പറ്റിയ മണ്ഡലം തേടിയ നേതാക്കള്‍ ഒടുവില്‍ നിലമ്പൂരില്‍ വന്നു നിന്നു. ഹരിദാസിനെ രാജിവയ്പ്പിച്ച് അവിടെ ആര്യാടനെ മല്‍സരിപ്പിക്കാനായിരുന്ന  തീരുമാനം . നേതൃത്വത്തിന്‍റെ തീരുമാനം അക്ഷരംപ്രതി അംഗീകരിച്ച ഹരിദാസ്  രാജിവച്ചതോടെയാണ് നിലമ്പൂരില്‍ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹരിദാസ് നിയമസഭാംഗമായി തുടര്‍ന്നതാകട്ടെ കേവലം പത്ത് ദിവസം മാത്രവും.  കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പിച്ച് ആര്യാടന്‍  ഉപതിരഞ്ഞെടുപ്പ് വിജയിക്കുകയും ചെയ്തു.  

aryadan-muhammed-01

ആര്യാടന്‍ മുഹമ്മദ്

സ്ഥാനത്യാഗത്തിനു പകരമായി ഹരിദാസിനെ രാജ്യസഭാംഗമാക്കി 1986വരെ അദ്ദേഹം രാജ്യസഭാംഗമായി തുടരുകയും ചെയ്തു. സജീവ രാഷ്‌ട്രീയത്തില്‍ തുടര്‍ന്ന സി.ഹരിദാസ് പക്ഷേ പിന്നീട് ഒരിക്കല്‍ പോലും നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല.  2000 മുതൽ 2005 വരെ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായിരുന്നു. മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്നു. തികഞ്ഞ ഗാന്ധിയനായ സി.ഹരിദാസ് രാഷ്ട്രീയത്തിലെ ഓരോ ചലനവും നിരീക്ഷിച്ച് പൊന്നാനിയിലെ വീട്ടിൽ ഇപ്പോള്‍  വിശ്രമത്തിലാണ്. നിലമ്പൂരിലേക്ക് വീണ്ടുമൊരു ഉപതിരഞ്ഞടുപ്പെത്തുമ്പോൾ  സി.ഹരിദാസ് മനസ് തുറക്കുന്നു.

ഇനി ഒൻപത് മാസമല്ലേയുള്ളൂ നിയമസഭാ തിരഞ്ഞെടുപ്പിന്. ഇത് ഒരു അനാവശ്യ ഉപതിരഞ്ഞെടുപ്പല്ലേ?

ജനാധിപത്യത്തിന്‍റെ ഭാഗമാണ് ഇതൊക്കെ. അതിനെ അങ്ങനെയേ കാണേണ്ടതുള്ളൂ. കിട്ടുന്ന സമയം തിരഞ്ഞെടുക്കപ്പെടുന്നവർ നല്ല രീതിയിൽ പ്രവർത്തിക്കുക. അതാണ് വേണ്ടത്.

കേരള നിയമസഭാ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം എംഎല്‍എ ആയ ആളാണ്. താങ്കൾ ആര്യാടന് വേണ്ടി രാജി വച്ചത് കൊണ്ടാണല്ലോ നിലമ്പൂരിൽ ആദ്യ തിരഞ്ഞെടുപ്പുണ്ടായത്? മികച്ചവിജയം നേടിയശേഷവും രാജിയാവശ്യപ്പെട്ടപ്പോള്‍ വിഷമം തോന്നിയോ?

അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് അനിവാര്യമായിരുന്നു. അതിൽ ഒരു വിഷമവും ഇല്ല. പത്ത് ദിവസത്തിനിടെ സഭയിൽ സംസാരിക്കാൻ അവസരം  കിട്ടിയപ്പോള്‍  നിലമ്പൂരിലെ ഗതാഗത പ്രശ്നങ്ങളടക്കം അവതരിപ്പിച്ചു . അന്ന്  നിലമ്പൂരിലേക്ക് ട്രെയിൻ ഉണ്ടായിരുന്നില്ല. ചുങ്കത്തറയിൽ ഒരു ജലസേചന പദ്ധതിക്ക് തുടക്കമിട്ടു . അഗ്രികൾച്ചറൽ ഫാമിലെ പ്രശ്നം അന്നത്തെ മന്ത്രിയായിരുന്ന ഗൗരിയമ്മയുടെ ശ്രദ്ധയിൽപെടുത്തി. കിട്ടിയ സമയത്തിൽ ചെയ്യാവുന്നതെല്ലാം ചെയ്തു . പാർട്ടിധാരണ പ്രകാരം ഒരു വിഷമവുമില്ലാതെ രാജി സമര്‍പ്പിച്ചു.  തിരുവനന്തപുരത്തു നിന്ന്  ഒരു  കെഎസ്ആര്‍ടിസി ബസിൽ പൊന്നാനിയിൽ വന്നിറങ്ങി. പിന്നീടാണറിഞ്ഞത് എനിക്കെന്തെങ്കിലും വിഷമമുണ്ടെങ്കിൽ പിന്തുണയ്ക്കാൻ ആ ബസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാർട്ടി നിയോഗിച്ചിരുന്നുവെന്ന്. ഏറ്റവും കുറഞ്ഞ കാലം എം എൽ എ ആയിരുന്നതാരെന്ന  പി‌എസ്‌സി  ചോദ്യോത്തിനുത്തരം കൂടിയാണ് ഞാനിന്ന്. ഏറ്റവും കുറഞ്ഞ എംഎൽഎ പെൻഷൻ വാങ്ങുന്നയാളും ഞാന്‍തന്നെ. 11,500 രൂപ.

ഉപതിരഞ്ഞെടുപ്പിനുണ്ടാക്കുന്ന വലിയ സാമ്പത്തികചെലവ് കൂടി കണക്കാക്കിയല്ലേ  ചുരുങ്ങിയകാലത്തേക്കായി ഒരു എംഎല്‍എയെ കണ്ടെത്താന്‍ ഇത്തരത്തില്‍  തിരഞ്ഞെടുപ്പ് നടത്തുന്നതിനെ  പലരും വിമര്‍ശനബുദ്ധിയോടെ കാണുന്നത്? 

ജനാധിപത്യത്തില്‍ ഇതൊക്കെ സാധാരണം. 1980ലെ തിരഞ്ഞെടുപ്പിനായി ആകെ ചെലവാക്കിയ തുക ഇന്ന് ഒരുദിവസത്തെ തിരഞ്ഞെടുപ്പ്  പ്രചാരണത്തിന് പോലും തികയില്ല, പണ്ട് മത്സരം രാഷ്ട്രീയമായിരുന്നു. ഇന്ന് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കാര്യങ്ങളെത്തുന്നത്  വിഷമകരമാണ്. ഒരേ കുടക്കീഴിൽ നിന്ന ടി.കെ.ഹംസയും ഞാനും രണ്ട് പാളയത്തിൽ മത്സരിച്ചപ്പോഴും മത്സരം ആരോഗ്യകരമായിരുന്നു.

പി.വി.അൻവർ  യുഡി എഫിന് തലവേദനകാകുമോ ?

അൻവറിന്റെ ഉള്ളിൽ കോൺഗ്രസ് രക്തമാണ്. യുഡിഎഫ് വിജയത്തിന് അൻവറും കൂടെയുണ്ടാകും

aryadan-shaukat-2

ആര്യാടന്‍ ഷൗക്കത്ത്

ആര്യാടൻ ഷൗക്കത്താണ് കോൺഗ്രസ് സ്ഥാനാർഥി. നിലവിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെ?

ആര്യാടൻ ഷൗക്കത്ത് ജയിക്കും. ആര്യാടൻ മുഹമ്മദിനെ പോലെ മതേതരവാദിയും മിടുക്കനുമാണ് ഷൗക്കത്ത് . നിലവിൽ വർഗീയതക്കെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ് ജയിച്ചേ മതിയാകൂ

അന്ന് ഇടതുപാളയത്തില്‍ പോയതില്‍ ഇപ്പോള്‍ ഖേദമുണ്ടോ?

ഒത്തുപോകാൻ പറ്റില്ലെന്ന് മനസിലായതു കൊണ്ടാണല്ലോ പിന്തുണ പിൻവലിച്ചത്. ഇന്ന് രാഷ്ട്രീയ പാർട്ടികൾ വർഗീയതയോട് സന്ധി ചെയ്യുന്നതിൽ വിഷമമുണ്ട്. എന്‍റെ ജാതിയും മതവുമൊക്കെ അന്നും ഇന്നും എന്നും കോൺഗ്രസാണ്.

ENGLISH SUMMARY:

As Nilambur heads to a by-election for the third time, it brings with it a rare slice of political history. The resignation of P.V. Anwar, who distanced himself from the Left Front, has paved the way for the current bypoll. The first by-election in the constituency was held in 1969 after the then MLA Kunjali was killed, leading to the victory of Congress leader M.P. Gangadharan. However, the 1980 by-election was prompted by the resignation of C. Haridas to make way for Aryadan Mohammed. This led to an unmatched record in Kerala's legislative history — Haridas holds the distinction of being the shortest-serving MLA in the state, having served only 10 days.