കോരിച്ചൊരിയുന്ന പെരുമഴയ്ക്കിടയിൽ നിലമ്പൂരിൽ പ്രചാരണം തുടങ്ങി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ മുഹമ്മദിന്‍റെ കബറിടത്തിൽ പ്രാര്‍ഥിച്ച് പ്രചാരണഗോദയിലേക്കിറങ്ങിയ ഷൗക്കത്ത് പി.വി.അൻവറിന്റെ ആരോപണങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങളുടെ അവലോകനയോഗം ഉച്ചയ്ക്ക് ചേരും.
പ്രചാരണ ദിവസങ്ങൾ കുറവാണ്. കാലാവസ്ഥയും മോശം. കുറച്ചുസമയത്തിനുള്ളിൽ കൂടുതൽ ആളുകളെ കാണാനുള്ള തിടുക്കത്തിലാണ് ആര്യാടൻ ഷൗക്കത്ത്. മുക്കട്ട പള്ളിയിൽ ആര്യാടൻ മുഹമ്മദിൻ്റെ കബറടത്തിൽ പ്രാർത്ഥിച്ച ഷൗക്കത്ത് വികാരാധീനനായി.
കോരിച്ചൊരിയുന്ന മഴയെ രാഷ്ട്രീയത്തോട് ചേർത്തുവച്ച ശുഭപ്രതീക്ഷ പങ്കുവെച്ചു വി.എസ്. ജോയ്. സിപിഎം സ്ഥാനാർഥി എവിടെയെന്നും ജോയിയുടെ ചോദ്യം. പി.വി.അൻവറിൻ്റെ വിമർശനങ്ങൾക്കുള്ള മറുപടി സംസ്ഥാന നേതാക്കൾക്ക് നൽകുമെന്ന് പറഞ്ഞെഴിഞ്ഞ ഷൗക്കത്ത്, അൻവർ ബന്ധുവാണെന്നും ആരോപണങ്ങൾ അത്ഭുതപ്പെടുത്തിയെന്നും പറഞ്ഞു. ഇതിനിടെ പാണക്കാട് എത്തിയ ഷൗക്കത്ത് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ അബ്ബാസലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി.