കലക്ടറേറ്റ് മാർച്ചിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആർ. സനീഷിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കലക്ടറേറ്റ് മുന്നിൽ സ്ഥാപിച്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സാണ് സനീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ കീറിയത്.

അതേ ദിവസം വൈകിട്ട് സനീഷിന്റെ പറമ്പിൽ സ്ഥാപിച്ച ഗാന്ധി സ്തൂപവും തകർക്കപ്പെട്ടു. സനീഷിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. മലപ്പട്ടത്ത് ഗാന്ധിജിയുടെ സ്തൂപം തകര്‍ത്ത സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ച് സനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.