ശശി തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം അകറ്റിനിർത്തുന്നത് ശരിയായ നടപടിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. ശശി തരൂര്‍ കഴിവും പ്രാപ്തിയും പാര്‍ട്ടിയോട് കൂറുമുള്ളയാളാണ്. അങ്ങനെ ഒരാളെ അകറ്റി നിര്‍ത്തിയത് ശരിയായില്ല. വിദേശരാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തിൽ തരൂരിന്റെ പേരില്ലാതെ കേന്ദ്രസർക്കാരിന് പട്ടിക നൽകിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. ആവശ്യമില്ലാത്ത കാര്യമാണ് തരൂരിനോട് ചെയ്തതെന്നും സുധാകരൻ ആഞ്ഞടിച്ചു. അദ്ദേഹം പാര്‍ട്ടി വിട്ടുപോകില്ലെന്നാണ് കരുതുന്നതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടിയില്‍ താന്‍ കൂടുതല്‍ സജീവമാകുകയാണെന്നും എല്ലാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് വര്‍ക്കിലേക്ക് പോകുമെന്നും അതിനുള്ള അനുവാദം കെപിസിസി പ്രസിഡന്റ് നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ ഒരുവാക്കുപോലും ഒരു കാലത്തും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.