സംസ്ഥാന കോൺഗ്രസിനെ ഇനി സണ്ണി ജോസഫും ടീമും നയിക്കും. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരായി എ.പി.അനിൽകുമാറും പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശും ചുമതലയേറ്റു. 56 ഇഞ്ച് നെഞ്ച് അളവിനോടും ഇരട്ടച്ചങ്കിനോടും തുടർന്നും നോ കോംപ്രമൈസ് പ്രഖ്യാപിച്ച് വിടവാങ്ങൽ പ്രസംഗത്തിലും സുധാകരൻ ആവേശം പകർന്നു.
ഇന്ദിരാ ഭവനിൽ പ്രവർത്തകരുടെ ആവേശ വരവേൽപ് ഏറ്റുവാങ്ങിയാണ് 38ാമത് കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റത്. വർക്കിങ് പ്രസിഡണ്ടുമാരായി ചുമതലയേറ്റ എ.പി. അനിൽകുമാറിനെയും പി.സി വിഷ്ണുനാഥിനെയും ഷാഫി പറമ്പിലിനെയും ചുമലിലേറ്റി തലമുറ മാറ്റം ആഘോഷമാക്കി പ്രവർത്തകർ.
നാലുവർഷത്തെ പ്രവർത്തന റിപ്പോർട്ട് കൂടി അവതരിപ്പിച്ച് വിടവാങ്ങൽ പ്രസംഗം നടത്തിയ സുധാകരൻ, രാഷ്ട്രീയ എതിരാളികൾക്കെതിരായ പോരാട്ടം തുടരാൻ പടക്കുതിരായായി തുടരുമെന്ന് പ്രഖ്യാപിച്ചു.
യുഡിഎഫിൽ അടൂർ പ്രകാശും വർക്കിങ് പ്രസിഡൻ്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും ഷാഫി പറമ്പിലും 2025ലുടെ 2026 ലേക്കുള്ള യാത്രയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. നന്ദി പറഞ്ഞ് മറുപടി പ്രസംഗം തുടങ്ങിയ സണ്ണി ജോസഫ്, മുതിർന്നവരെയും ചെറുപ്പക്കാരെയും ഒരുമിച്ച് നിർത്തി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചു. എ.കെ ആന്റണിയെ വസതിയിൽ എത്തി കണ്ട ശേഷമാണ് പുതിയ നേതൃത്വം ഇന്ദിരാഭവനിൽ എത്തിയത്.