TOPICS COVERED

കണ്ണൂരിൽ കെ സുധാകരൻ വളർത്തിക്കൊണ്ടുവന്ന നേതാവ് തന്നെയാണ് സുധാകരന് പിൻഗാമിയായി കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് എന്നതാണ് സണ്ണി ജോസഫിന്റെ വരവിന്റെ പ്രത്യേകത. കണ്ണൂരിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാളായി സണ്ണി ജോസഫിനെ മാറ്റാനും പേരാവൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കാനും മുൻകൈയെടുത്തത് സുധാകരനായിരുന്നു. 

സണ്ണി ജോസഫ്. 2011 മുതൽ പേരാവൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന എംഎൽഎ. ഇനി ഈ പേരിന് സംസ്ഥാന കോൺഗ്രസിനെ നയിക്കുന്ന നേതാവ് എന്ന അർത്ഥവുമുണ്ട്. തുടർച്ചയായി കണ്ണൂരിൽ നിന്ന് തന്നെ കെപിസിസിക്ക് മറ്റൊരു പ്രസിഡണ്ടിനെ കിട്ടുന്നു എന്നതും പ്രത്യേകതയാണ്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്‍റെ ശക്തി കേന്ദ്രവും മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും നാടുമായ കണ്ണൂരിൽ നിന്ന് തന്നെ പ്രതിപക്ഷ പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു എന്നതും സണ്ണി ജോസഫിന്‍റെ വരവിലെ സവിശേഷതയാണ് 

അമ്മ റോസക്കുട്ടിയുടെ നാടായ തൊടുപുഴയിലാണ് ജന്മമെങ്കിലും ജീവിതം കൊണ്ട് കണ്ണൂരുകാരനാണ് സണ്ണി ജോസഫ്. കണ്ണൂർ ഉളിക്കൽ സ്വദേശി ജോസഫാണ് അച്ഛൻ. പ്രാഥമിക വിദ്യാഭ്യാസം എല്ലാം കണ്ണൂരിൽ തന്നെ . ബിരുദകാലം തിരികെ തൊടുപുഴയിലും, നിയമ ബിരുദം കോഴിക്കോട് ലോ കോളേജിലും പൂർത്തിയാക്കി. 72 വയസ്സുകാരനായ സണ്ണി ജോസഫ് 1970ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയതാണ്.  സണ്ണി ജോസഫ് കണ്ണൂരിലെ കോൺഗ്രസിന്റെ അമരക്കാരനായിരുന്നു. ജില്ലയിലെ യുഡിഎഫിനെയും സണ്ണി ജോസഫ് നയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ഇരിക്കൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുള്ള സണ്ണി ജോസഫ് പിൽക്കാലത്ത് യൂത്ത് കോൺഗ്രസിന്റെ  ജില്ലാ അധ്യക്ഷനുമായി. 2011ൽ മുൻമന്ത്രി കെ കെ ശൈലജയെ സിറ്റിംഗ് സീറ്റായ പേരാവൂർ മണ്ഡലത്തിൽ തോൽപ്പിച്ചാണ് സണ്ണി ജോസഫിന്റെ നിയമസഭയിലേക്കുള്ള കന്നി വിജയം.. പേരാവൂരിൽ നിന്ന് മത്സരിപ്പിക്കാൻ സണ്ണി ജോസഫിനെ നിർദ്ദേശിച്ചതും കെ സുധാകരൻ ആയിരുന്നു.  സുധാകരന് ഏറെ താല്പര്യമുള്ള നേതാവ് കൂടിയാണ് ഐ ഗ്രൂപ്പുകാരനായ സണ്ണി. കഴിഞ്ഞ മൂന്നുതവണ തുടർച്ചയായി പേരാവൂരിന്റെ എംഎൽഎയാണ്. നിലവിൽ നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമാണ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായും പ്രവർത്തിച്ചു വരുന്നതിനിടെയാണ് ഹൈക്കമാൻഡ് സണ്ണി ജോസഫിന് പുതിയ കരീടം വെച്ച് നീട്ടുന്നത്

ENGLISH SUMMARY:

Sunny Joseph, a close political aide nurtured by K. Sudhakaran, has been appointed as the new KPCC President. Sudhakaran had played a key role in promoting Sunny as a prominent Congress leader from Kannur and fielding him from Peravoor in the state assembly elections.