എറണാകുളത്ത് സിപിഎമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറിയെ ഈ മാസം 20ന് നിശ്ചയിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാകും തീരുമാനം. സി.എൻ മോഹനൻ CPM സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതോടെയാണ് എറണാകുളത്ത് സ്ഥാനമാറ്റം.
ഡിവൈഎഫ്ഐ സംസ്ഥാന മുൻ പ്രസിഡന്‍റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ എസ്. സതീഷിനാണ് സാധ്യത.
സി.ബി. ദേവദർശന്‍റെ പേരും ചർച്ചയിലുണ്ട്. പ്രഥമ പരിഗണന എസ്.സതീഷിനു തന്നെ. കോതമംഗലം അയ്യങ്കാവ് സ്വദേശീയായ സതീഷ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് സിപിഎം സംസ്ഥാന സമിതിയിൽ എത്തിയത്. മിതഭാഷിയും, എല്ലാവർക്കും സ്വീകാര്യനുമായ സതീഷ് വ്യവസായ ജില്ലയിൽ സെക്രട്ടറിയായെത്തുന്നതിനോട് എതിർപ്പുകളൊന്നുമില്ല.
സെക്രട്ടറിയെക്കുറിച്ച് മേൽഘടകത്തിൽ ധാരണയായതാണ്. ഈ തീരുമാനം ജില്ലാ കമ്മറ്റിയിൽ അവതിരിപ്പിക്കുക എന്ന കാര്യം മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ ഇന്നും വിഭാഗീയത പൂർണമായും വിട്ടൊഴിയാത്ത ജില്ലയിൽ എതിർപ്പുകളുണ്ടാകുമോ എന്ന് കണ്ടറിയാം. സി.എൻ മോഹനൻ, കേന്ദ്രമ്മറ്റി അംഗവും മന്ത്രിയുമായ പി.രജീവ് എന്നിവരുടെയൊക്കെ അഭിപ്രായമാകും നിർണായകമാവുക.
കോഴിക്കോട് സമ്മേളനത്തിലായിരുന്നു സതീഷ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. 45തികയാത്ത സതീഷ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ജില്ലയിൽ പാർട്ടി അമരത്ത് അത് യുവ മുഖവുമാകും.