പി.ജയരാജനെയും എം.ബി. രാജേഷിനെയും ജെ.മേഴ്സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുക്കാതെ സിപിഎം നേതൃത്വം നടത്തിയത് വിഭാഗീയതയ്ക്ക് സമാനമായ വെട്ടിനിരത്തൽ. പുതിയ പാനലിലുള്ള വിയോജിപ്പ് ഇന്നലത്തെ സംസ്ഥാന സമിതിയിൽ തന്നെ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും ഉയർത്തി. മോശക്കാരൻ ആയതുകൊണ്ടല്ല രാജേഷിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തത് എന്നാണ് എ.കെ ബാലൻ പ്രതികരിച്ചത്.
1998 സംസ്ഥാന സമിതിയിലെത്തിയ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും 2025 ലും സംസ്ഥാന സമിതിയിൽ തന്നെ തുടരുകയാണ്. പി ജയരാജനേക്കാൾ ജൂനിയർ ആയ എം.വി. ജയരാജനെ സെക്രട്ടറിയേറ്റിൽ എടുത്താണ് പി. ജയരാജന്‍റെ രാഷ്ട്രീയഭാവി തന്നെ വെട്ടിയത്. ഒന്നാം മന്ത്രിസഭയിൽ പിണറായി വിജയൻ ഒപ്പമിരുന്നിട്ടും മുഖ്യമന്ത്രിയെ അധികം ഗൗനിക്കാത്തതാണ് മേഴ്സിക്കുട്ടി അമ്മയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞതവണ സ്പീക്കർ ആയിരുന്നതിനാൽ എം ബി രാജേഷിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം ജൂനിയേഴ്സായ മുഹമ്മദ് റിയാസ്, എം. സ്വരാജ്, പി.കെ. ബിജു എന്നിവരെ ഉൾപ്പെടുത്തിയിരുന്നു. മുഹമ്മദ് റിയാസിന് വെല്ലുവിളിയായേക്കാം എന്നതാണ് എം ബി രാജേഷിനെ വെട്ടി നിർത്താൻ കാരണം എന്നാൽ അണിയറ ചർച്ച. രാജേഷ് മോശക്കാരൻ ആയതുകൊണ്ടല്ല സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തത് എന്ന് എ.കെ. ബാലൻ പ്രതികരിച്ചു
തിരുവനന്തപുരത്ത് പാർട്ടിയെ വളർത്തുന്നതിൽ നിർണായക പങ്കുവെച്ച കടകംപള്ളി സുരേന്ദ്രനെ ആനാവൂര്‍ നാഗപ്പന് പകരക്കാരനായി സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താമായിരുന്നു. കണ്ണൂർ ജില്ലയ്ക്ക് മേധാവിത്വമുള്ള സംസ്ഥാന സെക്രട്ടറിയേറ്റിൽ തിരുവനന്തപുരത്തുനിന്നും ഒരാള്‍ പോലുമില്ല. പാർട്ടി തീരുമാനത്തിലുള്ള അമർഷം സൂചിപ്പിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് എൻ സുകന്യയും പങ്കുവെച്ചിട്ടുണ്ട്. പുതിയ പാനലിലുള്ള വിയോജിപ്പ് ഇന്നലത്തെ സംസ്ഥാന സമിതിയിൽ തന്നെ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും ഉന്നയിച്ചിരുന്നു. വോട്ടെടുപ്പ് ആവശ്യപ്പെടുന്നില്ലെങ്കിലും പാനൽ തിരുത്തണം എന്നതായിരുന്നു ജയരാജന്‍റെ ആവശ്യം.