കോൺഗ്രസിൻറെ പ്രധാന സർവീസ് സംഘടനയായ എൻജിഒ അസോസിയേഷൻ പിളർപ്പിലേക്ക്. പുതിയ പ്രസിഡൻ്റായി എ എം ജാഫർ ഖാനെ തിരഞ്ഞെടുത്തെന്ന് ഒരു വിഭാവം അവകാശപ്പെട്ടു. ജാഫർഖാനെ പുറത്താക്കിയെന്ന് നിലവിലെ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു.
എൻജിഒ അസോസിയേഷനിൽ മൂന്നരവർഷമായി തുടരുന്ന ഏറ്റുമുട്ടലാണ് പിളർപ്പിൽ എത്തിനിൽക്കുന്നത്. രാവിലെ ചേർന്ന കൗൺസിൽ യോഗത്തിൽ എം ലിജു നേതൃത്വത്തിൽ കെപിസിസി സംഘം അനുരഞ്ജനശ്രമം നടത്തിയെങ്കിലും ചവറ ജയകുമാറിന്റെയും എ.എം. ജാഫർ ഖാന്റെയും വിഭാഗങ്ങൾ ഏറ്റുമുട്ടി.
ഇതോടെ കെപിസിസി നേതാക്കൾ സ്ഥലംവിട്ടു. പുതിയ പ്രസിഡൻ്റായി ജാഫർ ഖാനെ തിരഞ്ഞെടുത്തു എന്ന അവകാശവാദവുമായി ബേക്കറി ജംഗ്ഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയത് സംഘർഷത്തിന് വഴിവച്ചു.
ഇതിനിടെ ചവറ ജയകുമാറും ജാഫർഖാനും പരസ്പരം പുറത്താക്കി. സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധം, സർവീസ് സംഘടനയിലേക്ക് പടർന്നതാണ് പ്രശ്നങ്ങളുടെ ആക്കം കുട്ടിയത്.