കണ്ണൂർ പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പിണറായി കനാൽക്കര സ്വദേശി വിപിൻ രാജ് ആണ് പിടിയിലായത്. പ്രതി സിപിഎം അനുഭാവിയാണെന്ന് പൊലീസ്. ആദർശ് എന്നയാൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത നിലയിലായിരുന്നു. വാതിൽ തീ വെച്ച് നശിപ്പിക്കാനും ശ്രമമുണ്ടായി. ജനൽ ചില്ലുകളും തകർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു.
'കോണ്‍ഗ്രസ് ഓഫിസുകള്‍ പൊളിച്ചാല്‍ തിരിച്ചും അതുപോലെ ചെയ്യാന്‍ അറിയാം' എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍റെ പ്രതികരണം. ‘സിപിഎമ്മിന്റെ ഓഫിസ് ഒരു രാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി. സിപിഎം ഓഫിസ് തിരിച്ചുപൊളിക്കണോ’ എന്ന് അണികളോട് സുധാകരന്‍ ചോദിച്ചു. പിണറായിയില്‍ തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്‍റെ പ്രതികരണം.