യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് നേരിട്ടത് ക്രൂരമായെന്ന് പ്രിയങ്ക ഗാന്ധി മനോരമ ന്യൂസിനോട്. അവര്‍ പ്രതിഷേധിച്ചത് ചൂരല്‍മല, മുണ്ടക്കൈ  ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടിയാണ്. സര്‍ക്കാരുകള്‍ ആ പ്രശ്നം മനസിലാക്കുന്നതിന് പകരം തല്ലുകയാണ് ചെയ്തതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.  

മുണ്ടക്കൈ ചൂരമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നുവെന്നാരോപിച്ചു കൽപ്പറ്റ കലക്ടറേറ്റിലേക്ക്  യൂത്ത് കോൺഗ്രസ് ഇന്നലെ നടത്തിയ മാർച്ചില്‍ വൻ സംഘർഷമാണുണ്ടായത്. പൊലീസ് ഒട്ടേറെ തവണ ലാത്തിയും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. നേതാക്കളും പ്രവർത്തകരുമടക്കം 30 ഓളം പ്രവർത്തകർക്ക് പരുക്കേറ്റു. Also Read: ‘മോനേ വിനോയ്, തന്നെ വിടത്തില്ല’; തല്ലിചതച്ച പൊലീസുകാരനോട് ജഷീര്‍...

വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റ ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. സ്ഥലം എംഎൽഎ ടി സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മർദനത്തിന് നേതൃത്വം കൊടുത്ത ഡിവൈഎസ്പി അടക്കമുള്ളവരെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു ആവശ്യം. പ്രവർത്തകർ പിന്നീട് ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച പൊലീസുകാർക്ക് നേരെ ഞങ്ങൾ ക്രോസ്മാർക്ക് വരച്ചിട്ടുണ്ടെന്നും അതിനർഥം ആക്രമിച്ച പൊലീസുകാരെ ഇവിടെ ഇരുത്തില്ല എന്ന് തന്നെയെന്നും സിദ്ധിഖ് പറഞ്ഞു.

ENGLISH SUMMARY:

Priyanka Gandhi says police brutally dealt with Youth Congress protest