യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജിയുടെ ദൂതര്‍ 25 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ മകള്‍ ശർമിഷ്ഠ മുഖർജിയുടെ മറുപടി. പ്രണബിന്റെ ദൂതർ ആരായിരുന്നെന്ന് സെബാസ്റ്റ്യൻ പോൾ വെളിപ്പെടുത്തണം. പ്രണബ് മുഖർജി ജീവിച്ചിരുന്നപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ല. ഇത്ര വലിയ ആരോപണം തെളിയിക്കേണ്ട ഉത്തരവാദിത്തം സെബാസ്റ്റ്യൻ പോളിനുണ്ടെന്നും സംഭവത്തെക്കുറിച്ച് പ്രണബ് എവിടെയും പരാമർശിച്ചില്ലെന്നും ശർമിഷ്ഠ മനോരമന്യൂസിനോട് പ്രതികരിച്ചു.
2008ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന വിശ്വാസ വോട്ടെടുപ്പിൽ തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ചുവെന്നായിരുന്നു മുൻ എംപി സെബാസ്റ്റ്യൻ പോളിന്‍റെ വെളിപ്പെടുത്തല്‍. വാഗ്ദാനം കാര്യമായി എടുക്കാതിരുന്നതിനാല്‍ മുന്നണിയെയോ പാര്‍ട്ടിയെയോ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുഹൃത്തുക്കളായ എംപിമാരോട് പറഞ്ഞിരുന്നുവെന്നും വയലാര്‍ രവി ഇടപെട്ട് അന്നത് അവസാനിപ്പിച്ചുവെന്നും സെബാസ്റ്റ്യന്‍പോള്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.