വയനാട്ടിൽ പ്രിയങ്കാഗാന്ധി ഇന്ന് നാമ നിർദേശ പത്രിക നൽകും. വരണാധികാരിയായ വയനാട് ജില്ലാ കലക്ടർ ഡി. ആർ.മേഘശ്രീ മുമ്പാകെ 12 മണിയോടെയാണ് പത്രികാ സമർപ്പണം. കൽപ്പറ്റയിൽ പതിനായിരങ്ങളെ അണിനിരത്തിയുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമർപ്പിക്കുക. പ്രിയങ്കയുടെ അരങ്ങേറ്റത്തിനു എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും സോണിയാ ഗാന്ധിയും അടക്കം പ്രമുഖർ സാക്ഷിയാകും. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കൽപ്പറ്റയിലെത്തും. രാവിലെ 11 മണിയോടെ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ചു കൽപ്പറ്റ മഹാറാണി വസ്ത്രാലയ പരിസരത്ത് സമാപിക്കും വിധമാണ് റോഡ് ഷോ. Read More : അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക; കൊന്തയും മധുരവും നല്‍കി സ്വീകരിച്ച് ത്രേസ്യമ്മ
നാമനിർദേശപത്രിക സമർപ്പിക്കാനായി സോണിയ ഗാന്ധിക്കും റോബോട്ട് വാദ്രക്കുമൊപ്പം വൈകീട്ട് 8.30 യോടെയാണ് പ്രിയങ്ക ഗാന്ധി ബത്തേരിയിലെ റിസോർട്ടിലെത്തിയത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ഇന്ന് 10 മണിയോടെയും ബത്തേരിയിലെത്തും. പ്രിയങ്കയേയും സോണിയയെയും റിസോർട്ടിൽ വെച്ച് നേതാക്കൾ സ്വീകരിച്ചു. ഇന്ന് 10.30 യോടെ കൽപ്പറ്റയിലേക്ക് പുറപ്പെടും. മൈസൂരിൽ വിമാനമിറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് ബത്തേരിയിലെത്തിയത്
മൈസൂരില്‍ നിന്ന് ബത്തേരിയിലെ റിസോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രിയങ്കഗാന്ധി വോട്ടറുടെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കരുമാന്‍കുളം ത്ര്യേസ്യയുടെ വീട്ടിലേക്കാണ് പ്രിയങ്ക എത്തിയത്. വാഹനത്തില്‍നിന്ന് ഇറങ്ങി 200 മീറ്ററോളം നടന്നാണ് പ്രിയങ്ക വീട്ടിലെത്തിയത്. .അപ്രതീക്ഷതമായി എത്തിയ അതിഥിയെ കണ്ട് വീട്ടുകാരും അമ്പരന്നു..മനോരമ ന്യൂസാണ് ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടത്.