മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമര്‍ശമുള്ള അഭിമുഖത്തിന് പിന്നിലെ പി.ആര്‍. ഏജന്‍സിയെ കുറിച്ചുള്ള ദി ഹിന്ദു പത്രത്തിന്‍റെ വെളിപ്പെടുത്തല്‍ വന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രിയും ഒാഫീസും. അതിനിടെ മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് മന്ത്രിമാരും സിപിഎം നേതാക്കളും രംഗത്തെത്തി. എന്നാല്‍ പി.ആര്‍ ഏജന്‍സി ഉണ്ടോ ഇല്ലേ എന്നതിനുമാത്രം ഇതുവരെ വ്യക്തമായ മറുപടിയില്ല. Also Read: പറഞ്ഞത് കരിപ്പൂരിലെ സ്വർണക്കടത്തിന്‍റെ കണക്ക്; എന്തിനാണ് ചിലര്‍ക്ക് പൊള്ളുന്നത്?: പിണറായി
പി.ആര്‍ ഏജന്‍സി ഇങ്ങോട്ടു സമീപിച്ച് പറഞ്ഞുറപ്പിച്ച അഭിമുഖം, അഭിമുഖ സമയത്ത് പി.ആര്‍ ഏജന്‍സിയുടെ സിഇഒ ഉള്‍പ്പെട രണ്ടു പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു, വിവാദ മലപ്പുറം പരാമര്‍ശം ഉള്‍പ്പെടുന്ന വരികള്‍ അഭിമുഖത്തില്‍ ചേര്‍ക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതും ഇതേ പി.ആര്‍ ഏജന്‍സി – ഇത്രയുമാണ് ദി ഹിന്ദു പത്രം വിശദീകരണ കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ തീര്‍ത്തും കുടുങ്ങിയ അവസ്ഥയിലാണ് മുഖ്യമന്ത്രിയും ഒാഫീസും.
മലപ്പുറം കഥയില്‍പുതിയ വില്ലനായി വന്ന പി.ആര്‍.ഏജന്‍സിയെ കുറിച്ചുകൂടി വിശദീകരിക്കേണ്ട അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ മൗനം തന്നെ ഭൂഷണമെന്ന നിലയില്‍ ദിവസം ഒന്നു കഴിയാറായിട്ടും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഒാഫീസും ഒരക്ഷരം പറഞ്ഞിട്ടില്ല. ഒരുപി.ആര്‍ ഏജന്‍സിയുടെ ആവശ്യം കേരളത്തിലെ മുഖ്യമന്ത്രിക്കുണ്ടോ എന്ന ചോദ്യവുമായി മന്ത്രിമാരും നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തിക്കഴിഞ്ഞു.
വിവാദ അഭിമുഖത്തില്‍ പി.ആര്‍ ഏജന്‍സി രംഗത്തുണ്ടയിരുന്നോ , ഉണ്ടായിരുന്നെങ്കില്‍ അവരെ ആരു ചുമതലപ്പെടുത്തി, പ്രതിഫലം നല്‍കുന്നത് സര്‍ക്കാരാണോ എന്നീചോദ്യങ്ങള്‍ക്കാണ് ഉത്തരം വേണ്ടത്. അല്ലാതെ പി.ആര്‍ ഏജന്‍സിയുടെ നിരര്‍ഥകതയെ കുറിച്ചുള്ള അഴകുഴമ്പന്‍ പ്രസ്താവനകളല്ല വേണ്ടതെന്ന് വ്യക്തം.
കേരളത്തിലെ ജനങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് പി.ആര്‍. ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും, മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ച് മുഖ്യമന്ത്രിക്കെതിരെയാക്കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് അറിയില്ലേയെന്ന് ജോണ്‍ബ്രിട്ടാസ് എം.പി. പതിറ്റാണ്ടുകളായി ഡല്‍ഹിയില്‍ പോകുന്ന മുഖ്യമന്ത്രിക്ക് അതിന്റെ ആവശ്യമില്ലെന്നും ബ്രിട്ടാസ് മലപ്പുറത്ത് പറഞ്ഞു.