അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നീതി ലഭിക്കുംവരെ പാര്‍ട്ടി പോരാടുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. ഗൂഢാലോചനയില്‍ ജയരാജന്‍ പങ്കെടുത്തെന്നത് അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. പാര്‍ട്ടി നേതൃത്വവും ഷുക്കൂറിന്‍റെ കുടുംബവും ഒരുപോലെ നിന്ന് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ പി. ജയരാജന്‍റെയും ടി.വി രാജേഷിന്‍റെയും വിടുതല്‍ ഹര്‍ജി തള്ളിയ പ്രത്യേക സിബിഐ കോടതി വിധിയോടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കേസില്‍ അവസാന ശ്വാസം വരെ നിയമപോരാട്ടം തന്നെയെന്ന് ഷുക്കൂറിന്‍റെ സഹോദരന്‍ ദാവൂദ് പറഞ്ഞു. കോടതി വിധിയില്‍ സന്തോഷമുണ്ട്. ഷുക്കൂറിന് നീതി ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും കേസില്‍ ജയരാജന്‍റെ പങ്ക് സിപിഎമ്മിന് അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയരാജനുള്ള രാഷ്ട്രീയ ശിക്ഷ കേരളത്തിലെ ജനങ്ങള്‍ നല്‍കുന്നുണ്ടെന്നും അതിന്‍റെ ഭാഗമാണ് പാര്‍ട്ടിക്കുള്ളിലെ ഒറ്റപ്പെടലെന്നും സഹോദരന്‍ ആരോപിച്ചു.
കേസില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് വാദിച്ചാണ് പി. ജയരാജനും ടി.വി രാജേഷും വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി തള്ളുകയായിരുന്നു. ഗൂഢാലോചനാക്കുറ്റമാണ് സിബിഐ ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് നേതാവായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
2012 ഫെബ്രുവരി 20നു പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം പട്ടുവം അരിയിലിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചു മണിക്കൂറുകൾക്കകമാണ് എംഎസ്‌എഫ് നേതാവ് അരിയിൽ സ്വദേശി അബ്‌ദുൽ ഷുക്കൂറിനെ (21) സിപിഎം പാർട്ടിഗ്രാമമായ ചെറുകുന്ന് കീഴറയിൽ ഒരുസംഘം തടഞ്ഞുവച്ചു കൊലപ്പെടുത്തിയത്. വാഹനം ആക്രമിച്ചതിനു തിരിച്ചടിയായി സിപിഎം പ്രാദേശിക നേതാക്കളാണു കൊലപാതകം ആസൂത്രണം ചെയ്‌തതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്നു ജയരാജനും രാജേഷും ചികിൽസ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണു കൊലപാതകത്തിനു ഗൂഢാലോചന നടന്നതെന്നും കണ്ടെത്തി. അടച്ചിട്ട മുറിയിൽ നടന്ന ഗൂഢാലോചനയ്‌ക്കു ജയരാജനും രാജേഷും സാക്ഷികളായിരുന്നുവെന്നാണു കേസ്. ജയരാജൻ തടഞ്ഞിരുന്നെങ്കിൽ കൊല ഒഴിവാക്കാമായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.