എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ഏതന്വേഷണമാണ് നടത്തുന്നതെന്ന് പറയേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. ഇങ്ങനെ വിവാദമാക്കി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല ഇത്. സിപിഐ അവരുടെ അഭിപ്രായമാണ് പറഞ്ഞത്. അവരുടെ നിലപാട് പറയാനുള്ള അവകാശവും സ്വാതന്ത്ര്യവും സിപിഐക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടു എന്നതല്ല പ്രശ്നം, എന്തിന് കണ്ടു എന്നതാണ് പ്രശ്നം. അതില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടക്കുകയാണ്. അതില്‍ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷണനടപടികള്‍  സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതില്‍  മാറ്റമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

അജിത്കുമാറിനെ ക്രമസമാധാനചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ജനയുഗത്തിലെ ലേഖനത്തിലൂടെ സിപിഐ ആവര്‍ത്തിച്ചത്. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണമെന്നും സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം പ്രകാശ് ബാബു ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നു. കൂടിക്കാഴ്ച ഔദ്യോഗികമോ വ്യക്തിപരമോ എന്ന് പറയേണ്ട ബാധ്യത എഡിജിപിക്ക് ഉണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു. 

തര്‍ക്കം ഒഴിവാക്കുന്നതിനാണ് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിക്ക് സിപിഐ വഴങ്ങിയത്. നടപടി വൈകുന്നത് എല്‍ഡിഎഫിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സിപിഐ തുറന്നടിച്ചു. എഡിജിപിക്കെതിരായ നടപടി ഒരുകാരണവശാലും നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന്  പ്രകാശ് ബാബു മനോരമ ന്യൂസിനോട് പറഞ്ഞു.  ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാനാകില്ല.  ഡിജിപിയുടെ അന്വേഷണം തൃശൂര്‍പൂരവുമായി ബന്ധപ്പെട്ടുണ്ടായ ഇടപെടല്‍ സംബന്ധിച്ച് മാത്രമാണ്.  ആര്‍.എസ്.എസ്  നേതാക്കളെ കണ്ടത് ഒരു രാഷ്ട്രീയ പ്രശ്നമാണ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധവും. രാഷ്ട്രീയപ്രശ്നം ഉദ്യോഗസ്ഥന് എങ്ങനെ കണ്ടുപിടിക്കാനാവുമെന്നും അദ്ദേഹം  ചോദിച്ചു. നടപടി നീളുന്നത് എല്‍ഡിഎഫിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും  പ്രകാശ് ബാബു വ്യക്തമാക്കി.

ENGLISH SUMMARY:

Government investigation is in progress regarding Ajith Kumar's meeting with RSS leaders-, says LDF convenor TP Ramakrishnan.