അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കള്‍ക്ക് തിരിച്ചടി. പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വിടുതല്‍ ഹര്‍ജികള്‍ തള്ളി.കേസില്‍ ഇരു നേതാക്കളും വിചാരണ നേരിടണം. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത്. ഗൂഢാലോചനാക്കുറ്റമാണ് സിബിഐ ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് നേതാവായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
ഗൂഢാലോചന അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന കുറ്റംചുമത്തി പി. ജയരാജനെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കേസില്‍ ജയരാജന്‍ 38–ാം പ്രതിയും ടി.വി. രാജേഷ് 39–ാം പ്രതിയുമാണ്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകൃത്യം നടത്താനുളള പദ്ധതി അറിഞ്ഞിട്ടും മറച്ചു വയ്‌ക്കുന്നവർക്കെതിരെ ചുമത്തുന്ന കുറ്റമാണ് ഐപിസി 118.
2012 ഫെബ്രുവരി 20നു പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം പട്ടുവം അരിയിലിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചു മണിക്കൂറുകൾക്കകമാണ് എം.എസ്.എഫ് നേതാവ് അരിയിൽ സ്വദേശി അബ്‌ദുൽ ഷുക്കൂറിനെ (21) സിപിഎം പാർട്ടിഗ്രാമമായ ചെറുകുന്ന് കീഴറയിൽ ഒരുസംഘം തടഞ്ഞുവച്ചു കൊലപ്പെടുത്തിയത്. വാഹനം ആക്രമിച്ചതിനു തിരിച്ചടിയായി സിപിഎം പ്രാദേശിക നേതാക്കളാണു കൊലപാതകം ആസൂത്രണം ചെയ്‌തതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്നു ജയരാജനും രാജേഷും ചികിൽസ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണു കൊലപാതകത്തിനു ഗൂഢാലോചന നടന്നതെന്നും കണ്ടെത്തി. അടച്ചിട്ട മുറിയിൽ നടന്ന ഗൂഢാലോചനയ്‌ക്കു ജയരാജനും രാജേഷും സാക്ഷികളായിരുന്നുവെന്നാണു കേസ്. ജയരാജൻ തടഞ്ഞിരുന്നെങ്കിൽ കൊല ഒഴിവാക്കാമായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...
ഫെബ്രുവരി 20- സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം തളിപ്പറമ്പ് പട്ടുവം അരിയിലിൽ ആക്രമിക്കപ്പെടുന്നു. രണ്ടര മണിക്കൂറിനുള്ളിൽ തൊട്ടടുത്തു കണ്ണപുരം കീഴറയിൽ എംഎസ്‌എഫ് മണ്ഡലം ട്രഷറർ അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നു.
മാർച്ച് ഒന്ന്- കേസിലെ ആദ്യ അറസ്‌റ്റ്. സിപിഎം പ്രവർത്തകൻ മൊറാഴ പണ്ണേരി കോണോത്ത് ഹൗസിൽ അജിത്‌കുമാർ അറസ്‌റ്റിലായി.
മാർച്ച് 21- ഷുക്കൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയതിനു കണ്ണപുരം സ്‌റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്‌ഥർക്കു സസ്‌പെൻഷൻ
മാർച്ച് 29- ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർ കോടതിയിൽ കീഴടങ്ങി.
ഏപ്രിൽ 12- കേസ് നിഷ്‌പക്ഷമായി അന്വേഷിക്കണമെന്നു ഹൈക്കോടതി
മേയ് 26- സിപിഎം അരിയിൽ ലോക്കൽ സെക്രട്ടറി യു.വി. വേണു അറസ്‌റ്റിൽ
ജൂൺ 1- മുഖ്യപ്രതിയെന്നു പൊലീസ് സംശയിക്കുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ കെ.വി. സുമേഷ് ഉൾപ്പെടെ മൂന്നു പേർ അറസ്‌റ്റിൽ
ജൂൺ 2- കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സിപിഎം പൂമാലക്കാവ് ബ്രാഞ്ച് സെക്രട്ടറി സജിത്തിന്റെ ബൈക്കിന്റെ ടൂൾബോക്‌സിൽ കണ്ടെത്തി
ജൂൺ 8-കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ
ജൂൺ 12- പി. ജയരാജനെ ചോദ്യം ചെയ്‌തു. നിർണായക വിവരങ്ങൾ ലഭിച്ചെന്നു പൊലീസ്
ജൂൺ 18- സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ബാലകൃഷ്‌ണൻ നമ്പ്യാരെ പൊലീസ് ചോദ്യം ചെയ്‌തു.
ജൂൺ 30- നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കഴിയില്ലെന്നു ടി.വി. രാജേഷ്
ജൂലൈ അഞ്ച്- ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ടുപേർ അറസ്‌റ്റിൽ
ജൂലൈ ഒൻപത്- ജയരാജനെ രണ്ടാം വട്ടവും ചോദ്യം ചെയ്‌തു. അറസ്‌റ്റ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല
ജൂലൈ 30- ടി.വി. രാജേഷ് കണ്ണൂർ ടൗൺ സിഐ ഓഫിസിൽ ചോദ്യം ചെയ്യലിനു വിധേയനായി. രാജേഷ് പുറത്തിറങ്ങി അരമണിക്കൂറിനകം മൂന്നാം വട്ട ചോദ്യം ചെയ്യലിനു ജയരാജനു നോട്ടിസ്
ഓഗസ്‌റ്റ് ഒന്ന്- മൂന്നാം വട്ട ചോദ്യം ചെയ്യലിനായി സിഐ ഓഫിസിലെത്തിയ ജയരാജൻ അറസ്‌റ്റ് ചെയ്യപ്പെടുന്നു. ഷുക്കൂർ കേസിൽ അറസ്‌റ്റിലാകുന്ന 29ാമനായി റിമാൻഡ് ചെയ്യപ്പെട്ടു സെൻട്രൽ ജയിലിലേക്ക്.
ഓഗസ്റ്റ് 27,2012 –പി. ജയരാജന് ജാമ്യം