mv-govindan-cpm-failure

ഫയല്‍ ചിത്രം

ആര്‍.എസ്.എസ് നേതാക്കളുമായി എഡിജിപി എം.ആര്‍.അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍  ആശയക്കുഴപ്പമില്ലെന്നും ഇടതുമുന്നണി ഒറ്റക്കെട്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി  എം.വി.ഗോവിന്ദന്‍.  ഡി.ജി.പിയെ അന്വേഷണത്തിന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോപണത്തിന്‍റെ പേരില്‍ ഒരാള്‍ സ്ഥാനത്തുനിന്ന് മാറ്റണം എന്നില്ല. പി.ശശിക്കെതിരെ ആരോപണങ്ങളൊന്നും പി.വി.അന്‍വര്‍ ഇന്നേവരെ എഴുതിത്തന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം അന്‍വറിന്‍റെ ആരോപണങ്ങളില്‍ എ.ഡി.ജി.പി അജിത് കുമാറിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പൊലീസ് ആസ്ഥാനത്ത് ഹാജരാകാന്‍ ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. ഡി.ജി.പി നേരിട്ടായിരിക്കും മൊഴി രേഖപ്പെടുത്തുക. സ്വർണക്കടത്ത് കേസ്, റിദാൻ വധം, പൂരം അലങ്കോലമാക്കൽ തുടങ്ങിയ വിഷയങ്ങളില്‍ ചോദ്യങ്ങളുണ്ടാകും. അന്വേഷണത്തില്‍ ഡി.ജി.പിയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. വിജിലന്‍സ് അന്വേഷണം വേകണമെന്നും  ശുപാര്‍ശയുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനം എടുത്തേക്കും.

അതേസമയം, എൽഡിഎഫിലെ ചർച്ചയുടെ കൂടുതൽ വിവരങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. അജിത് കുമാറിനെതിരെ നടപടി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞില്ല. നടപടിക്രമങ്ങൾ ഉണ്ടെന്നും അത് പൂർത്തിയാവട്ടെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂര്‍പൂര വിഷയം എൻ.സി.പി. യോഗത്തിൽ ഉന്നയിച്ചു. പൂരവും അന്വേഷണ പരിധിയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എം.ആർ.അജിത് കുമാറിനെ മാറ്റാനുള്ള സാധ്യത തള്ളാതെയായിരുന്നു എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അജിത് കുമാറിനെ മാറ്റണമെന്ന് ഘടകക്ഷികള്‍ നിലപാടെടുത്തപ്പോള്‍, എല്ലാത്തിലും നടപടിക്രമങ്ങൾ ഉണ്ടെന്നും അത് പൂർത്തിയാവട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഡി.ജി.പി. അന്വേഷണം നടത്തുന്നുണ്ടെന്നും അതിൽ തീരുമാനമായാൽ ചട്ടപ്രകാരം കാര്യങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം തൃശ്ശൂർപൂരം  എൻസിപി യോഗത്തിൽ ഉയർത്തിയപ്പോൾ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അജിത് കുമാറിനെതിരെ നടപടി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറയാത്തതോടെ സ്ഥാന ചലനത്തിനുള്ള സാധ്യത ഘടക കക്ഷി നേതാക്കളും തള്ളുന്നില്ല. ഇതോടെ ഇനി എന്താണ് തുടർ നടപടി എന്നതിൽ ആകാംക്ഷ ഉയരുന്നുണ്ട്. ഓണം അവധിക്ക് ശേഷം ഡിജിപിയുടെ റിപോർട്ട് ലഭിച്ചാൽ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റുമെന്ന പ്രതീതിയാണ്.   ഘടകകക്ഷികൾക്കുള്ളത്. ഇതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഐ തീരുമാനിച്ചത്. 

ENGLISH SUMMARY:

MV Govindan said that the Left Front is united on the issue of ADGP