മതത്തിന്‍റെയും ഭിന്നിപ്പിന്‍റെയും രാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അത് പ്രതീക്ഷ പകരുന്നതാണെന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള സിപിഎം യുവനേതാവ് ദിപ്‌സിത ധര്‍. രാമക്ഷേത്രത്തിന്‍റെ പേരില്‍ ബിജെപി പ്രചരിപ്പിച്ചതെല്ലാം ജനങ്ങള്‍ തള്ളിയെന്നാണ് അയോധ്യയിലെ തിരഞ്ഞെടുപ്പ് ഫലം കാണിച്ച് തന്നത്. രാമക്ഷേത്രം ഒരുവശത്ത് ഉയര്‍ത്തിയപ്പോള്‍ മറുവശത്ത് ജനങ്ങളുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ക്ക് ഇരയായി. രാമക്ഷേത്രം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമായിരുന്നുവെന്നും ശരിക്കുമുള്ള രാമനുമായി അതിന് ബന്ധമില്ലെന്നും ജനങ്ങള്‍ മനസിലാക്കിയെന്നും ദിപ്‌സിത കൂട്ടിച്ചേര്‍ത്തു.
പതിനൊന്ന് വര്‍ഷത്തെ ബിജെപി ഭരണത്തില്‍ രാജ്യം വിശപ്പ് സൂചികയില്‍ 111–ാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. ഈ സ്ഥിതിയാണെങ്കില്‍ 2047ല്‍ രാജ്യം എവിടെ എത്തുമെന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഇതാണ് വികസിതഭാരതമെങ്കില്‍ അത് വേണ്ടെന്നും അവര്‍ പറഞ്ഞു. ജാതിയാണ് ഇന്ത്യയിലെ രാഷ്ട്രീയത്തെ തീരുമാനിക്കുന്നതെന്നും അത് നിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്നും ജാതി സെന്‍സസിനെതിരായി അനില്‍ ആന്‍ണി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയായി ദിപ്‌സിത പറഞ്ഞു.
സമാനതകളില്ലാത്ത പ്രതിരോധമാണ് രാജ്യത്തെ ജനങ്ങള്‍ പുറതതെടുത്തത്. ജനാധിപത്യത്തിന്‍റെ നിലനില്‍പ്പും ഭാവിയും ചോദ്യം ചെയ്യപ്പെട്ട ഒരു കാലമാണ് കടന്നു പോയതെന്നും അവര്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിലും കര്‍ഷക പ്രക്ഷോഭത്തിലും നാനാതുറകളിലെ ജനങ്ങള്‍ തെരുവിലിറങ്ങി. രാഷ്ട്രീയമായി പല ചോദ്യങ്ങളും തെരുവില്‍ ഉയര്‍ന്നു കേട്ടുവെന്നും ജനാധിപത്യത്തിന്‍റെ സുന്ദരമായ മുഖമാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ജയമെന്നും ദിപ്‌സിത കൂട്ടിച്ചേര്‍ത്തു. ആ ജയത്തിലൂടെ താന്‍ തിരഞ്ഞെടുക്കപ്പെടുവെന്ന തോന്നലാണ് രാജ്യത്തെ സാധാരണക്കാര്‍ക്ക് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. അംഗബലത്തില്‍ കുറഞ്ഞവരായാലും രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരാണെങ്കിലും സത്യത്തിന് വേണ്ടി നിലകൊണ്ടാല്‍ , ജയിലില്‍ അടയ്ക്കപ്പെട്ടാലും ജനം ഒപ്പമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.