pk-sasi-about-ktdc-chairman

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കില്ലെന്ന് പാര്‍ട്ടി നടപടി നേരിടുന്ന സി.പി.എം നേതാവ് പി.കെ ശശി. കല്‍പിത കഥകളാണ് പ്രചരിക്കുന്നതെന്ന് ശശി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം നേരത്തെയും നടപടി നേരിട്ട് കരുത്തോടെ പാര്‍ട്ടിയിലേക്ക്  തിരിച്ചെത്തിയ ആളാണ് പി.കെ.ശശിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ പ്രതികരിച്ചു.

പാര്‍ട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ പാലക്കാട് ജില്ലാകമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ പി.കെ ശശി തിരുവന്തപുരത്ത് എത്തിയത് കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം ഒഴിയാനാണെന്ന് പ്രചാരണങ്ങള്‍ക്ക് ഇന്ന് ഉച്ചയോടെ ശശിയുടെ മറുപടി. ‘രാജിവെയ്ക്കാനല്ല ചെയര്‍മാന്‍ സ്ഥാനത്തിരിക്കാനാണ് പാര്‍ട്ടി പറഞ്ഞത്. രാജി അജന്‍ഡയിലില്ല. കെ.ടി.ഡി.സിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാനാണ് തിരുവനന്തപുരത്ത് വന്നത്. ബാക്കിയെല്ലാം കല്‍പിത കഥകളാണ്’

പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനനസരിച്ചുള്ള നടപടിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ 

‘മാധ്യമങ്ങളോട് മറുപടി പറയേണ്ട ബാധ്യതയില്ല.’

പാര്‍ട്ടി നടപടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കും വരെ പരസ്യമാക്കേണ്ടതില്ലെന്ന് പാര്‍ട്ടി രീതി പിന്‍തുടര്‍ന്നായിരുന്നു എ.കെ ബാലന്‍റെ പ്രതികരണം. ‘ശശി ഇപ്പോഴും ജില്ലാ കമ്മിറ്റിയിലുണ്ട്. ഏതെങ്കിലും തെറ്റിന്റെ പേരില്‍ നേതൃത്വം നടപടിയെടുത്താല്‍ അതിന് ആജീവനാന്തം പുറത്താക്കിയെന്ന അര്‍ഥമില്ല.’ പാര്‍ട്ടി ഫണ്ടി തിരിമറി നടത്തിയതിന് ശശിയെ തിരഞ്ഞെടുക്കപ്പെട്ട് എല്ലാ പാര്‍ട്ടി കമ്മിറ്റികളില്‍ നിന്നും ഒഴിവക്കാനാണ് സി.പി.എം പാലാക്കാട് ജില്ലാകമ്മിറ്റി തീരുമാനിച്ചത്. 

ENGLISH SUMMARY:

PK Sasi about KTDC Chairman post