പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ്ജും ജില്ലാ സെക്രട്ടറിയും ചേർന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിക്കൊപ്പം വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. എസ് എഫ്.ഐ.പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം പ്രതി സുധീഷാണ് സിപിഎമ്മിലെത്തിയത്. കാപ്പ കേസ് പ്രതിക്കൊപ്പം എത്തിയ മറ്റൊരാൾ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിൽ ആയിരുന്നു
കഴിഞ്ഞ നവംബറിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ കാപ്പ ചുമത്തപ്പെട്ട ശരൺ ചന്ദ്രനാണ് ഒന്നാം പ്രതി. ശരൺ ചന്ദ്രൻ ഈ കേസിൽ ജാമ്യമെടുത്തിരുന്നു. നാലാം പ്രതിയായ സുധീഷ് ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്. കാപ്പ കേസ് പ്രതി പാർട്ടിയിൽ എത്തിയത് സ്വയം തിരുത്താനാണെന്ന് ആദ്യം ജില്ലാ സെക്രട്ടറി വിശദീകരിച്ചു. തൊട്ടുപിന്നാലെ മറ്റൊരാൾ കഞ്ചാവുമായി പിടിയിൽ ആയപ്പോൾ എക്സൈസിന്റെ ഗൂഢാലോചന എന്ന് ഏരിയ സെക്രട്ടറി പറഞ്ഞു. കൂടുതൽ കേസുകൾ വരുമെന്ന മുൻകൂർ ജാമ്യവും എടുത്തു. സ്വീകരിച്ച എല്ലാവരെയും അറിയില്ലെന്നും വിശദമായി പരിശോധിക്കണമെന്നും ആണ് ജില്ലാ സെക്രട്ടറിയുടെ പുതിയ നിലപാട്.
കാപ്പാക്കേസ് പ്രതിക്കൊപ്പം 62 പേരാണ് കഴിഞ്ഞ വെള്ളിയാഴ്ച സിപിഎമ്മിൽ എത്തിയത്. ഇതില്‍ പ്രതികളുടെ ആക്രമണത്തിന് ഇരയായവരടക്കം സിപിഎം പ്രവർത്തകർ കടുത്ത രോഷത്തിലാണ് . ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ച മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി