Image Credit; Facebook
പി എസ്.സി കോഴ ആരോപണം നേരിടുന്ന പ്രമോദ് കോട്ടൂളിക്ക് പിന്നില്‍ എളമരം കരീം ഉള്‍പ്പെടുന്ന വലിയ കോക്കസ് ഉണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് എളമരം യാത്ര ചെയ്ത വാഹനം ഒരു ഉന്നതന്റെയാണെന്നും ജ്യോതി കുമാര്‍ ചാമക്കാല ഫെയ്സ് ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
കോഴിക്കോട്ടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ ബാക്കിപത്രമാണ് പി എസ്.സി കോഴ ആരോപണമെന്നാണ് ആക്ഷേപം.
നാദാപുരം സ്വദേശിയായ വ്യക്തിയുടെ സ്വാധീനത്തിലാണ് ജില്ലാ നേതൃത്വത്തിലെ പല നേതാക്കളുമെന്ന ആക്ഷേപം മുഹമ്മദ് റിയാസ് പക്ഷത്തിനുണ്ട്. ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍പോലും ഇയാളുടെ ഇടപെടല്‍ ശക്തമാണ്.ഇതാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ ആക്ഷേപത്തിന്റേയും അടിസ്ഥാനം.ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന എളമരം ഈ നാദാപുരം സ്വദേശിയുടെ വാഹനത്തിലണ് സഞ്ചരിച്ചതെന്നും അതുകൊണ്ടുതന്നെ പി എസ്.സി കോഴ ആരോപണത്തിന് പിന്നില്‍ പ്രമോദ് മാത്രമല്ല, എളമരം അടക്കമുള്ള കോക്കസിന് പങ്കുണ്ടെന്നും ഫേസ് ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. കാറിന്റ ചിത്രവും പോസ്റ്റിലുണ്ട്.
എന്നാല്‍ ആര്‍ക്കും എന്തും പറയാമല്ലോയെന്നും താന്‍ ഇതൊന്നും ഗൗരവമായി എടുക്കുന്നില്ലെന്നുമായിരുന്നു എളമരത്തിന്റ മറുപടി. കോഴ ആരോപണത്തില്‍ മുഹമ്മദ് റിയാസ് നേരിട്ട് പരാതി നല്‍കിയിട്ടുംപരാതിക്കാരി വ്യക്തമായ തെളിവുകള്‍ ലോക്കല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടും നേതൃത്വം ഗൗരവമായി എടുക്കാത്തതിന് പിന്നിലും വിഭാഗീതയയാണെന്നാണ് സൂചന. തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിനെതിരെ പരാതി ഉയര്‍ന്നപ്പോഴും ജില്ലാ നേതൃത്വം നടപടിയെടുക്കാന്‍ തയാറായില്ല. ഒടുവില്‍ ഏരിയാ കമ്മിറ്റിയംഗങ്ങള്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചാണ് ജോര്‍ജ് തോമസിനെതിരെ നടപടിയെടുപ്പിച്ചത്.