ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകരയില്‍ പ്രചരിച്ച കാഫിര്‍ പോസ്റ്റും വിവാദങ്ങളും നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. മാത്യു കുഴല്‍നാടനും കെ.കെ.രമയുമാണ് ചോദ്യോത്തരവേളയില്‍ വിഷയം ഉന്നയിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കിനോട് പ്രൊഫൈല്‍ വിവരം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി എം.ബി.രാജേഷ് മറുപടി നല്‍കി. ഇതില്‍ തൃപ്തരാകാത്ത പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
വിവാദത്തില്‍ കെ.കെ.ലതികയെ ന്യായീകരിച്ച് മന്ത്രി എം.ബി.രാജേഷ് രംഗത്തെത്തി. ലതിക പോസ്റ്റിട്ടത് വര്‍ഗീയ പ്രചാരണത്തിന് എതിരായാണെന്നും രാജേഷ് വിശദീകരിച്ചു. ചോദ്യോത്തരവേള മന്ത്രിയും ഭരണപക്ഷവും ദുരുപയോഗം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
ജയരാജനെതിരായ മനുതോമസിന്‍റെ ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. നോട്ടിസ് ജയരാജനെതിരെയുള്ള വ്യക്തിപരമായ ആരോപണമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ചട്ടപ്രകാരം നോട്ടിസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രതികൂലമാകുന്ന ഒന്നും സഭയില്‍ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.