ഇടതുമുന്നണി പ്രവേശനം ലഭിക്കാത്തതിലും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മന്ത്രിയാക്കാത്തത്തിലും കടുത്ത അതൃപ്തിയുമായി ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടി. മുന്നണിക്ക് നേതൃത്വം നല്‍കുന്നവര്‍ ഒന്‍പതു വര്‍ഷമായി വഞ്ചിച്ചെന്ന് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ നാളെ (തിങ്കള്‍) മുഖ്യമന്ത്രിയെ അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ആര്‍എസ്പിയെ പിളര്‍ത്തിയപ്പോള്‍ അന്ന് പറഞ്ഞ വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്നാണ് വിമര്‍ശനം. കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കുന്നില്ല. പാര്‍ട്ടിയുടെ ഇടതുമുന്നണി പ്രവേശനവും നടപ്പാക്കുന്നില്ല. ഇത് വഞ്ചനയാണെന്ന് ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇതിനോടകം ഇടതുനേതൃത്വത്തോട് നാലുവട്ടം പരാതി പറഞ്ഞെന്നും വീണ്ടും നാളെ മുഖ്യമന്ത്രിയെ കാണുമെന്നും നേതാക്കള്‍ അറിയിച്ചു.