assembly-notes

കേരളത്തിന്‍റെ നിയമസഭ സമ്മേളിക്കുകയാണ്. വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്തു പാസാക്കുകയാണ് ഈ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്‍റെ ലക്ഷ്യം.  ജൂലൈ അവസാനം വരെ നീളുന്ന സമ്മേളനമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിറകെ സഭ സമ്മേളിക്കുമ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയം തന്നെയാവും നിറഞ്ഞു നില്‍ക്കുക. പത്താം തീയതി ആരംഭിച്ച സമ്മേളനം രണ്ടാഴ്ച പിന്നിടുമ്പോഴും സഭയില്‍ തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് താരം. വിഷയം ഏതുമാകട്ടെ, ചോദ്യോത്തര വേള മുതല്‍ ചര്‍ച്ചവരെ എല്ലാം കറങ്ങിത്തിരിഞ്ഞ് തിരഞ്ഞെടുപ്പ് ഫലത്തില്‍ വന്നു നില്‍ക്കും. അത്രമാത്രമാണ് രാഷ്ട്രീയ കേരളത്തെ ഈ തിരഞ്ഞെടുപ്പ് ഫലം പിടിച്ചുലച്ചിരിക്കുന്നത്. ഭരണപക്ഷത്തിന് ഒരു സീറ്റിലേക്കൊതുങ്ങേണ്ടി വന്നതിന്‍റെ ഞെട്ടല്‍ മാറിയിട്ടില്ല. മികച്ചവിജയം സമ്മാനിച്ച ആത്മവിശ്വാസം പ്രതിപക്ഷത്തിന്. തൃശൂരില്‍ താമര വിരിഞ്ഞ് പരിലസിക്കുന്നതിന്‍റെ ക്ഷീണം ഇരുപക്ഷത്തിനും തുല്യം. അപ്പോള്‍ നിയമസഭാ സമ്മേളനം ഇങ്ങനെയായില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.

എങ്കിലും ബഹുമാനപ്പെട്ട അംഗങ്ങളെ, എന്നും ഒരേ വാദങ്ങളും പ്രതിവാദങ്ങളും , തിരിച്ചറിയലുകളും തെറ്റുതിരുത്തലുകളും മതിയോ? ഒരു വെറൈറ്റിയൊക്കെ വേണ്ടേ? വകുപ്പുകളുടെ ധനാഭ്യര്‍ഥനയൊക്കെ ചര്‍ച്ചചെയ്യുമ്പോള്‍ ജനങ്ങളെ ബാധിക്കുന്ന, ആ വകുപ്പുമായി ബന്ധപ്പെട്ട കാതലായ കാര്യങ്ങളും നിയമസഭയില്‍ ഉയര്‍ന്നു വരേണ്ടേ? മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പൊതുഭരണവകുപ്പിന്‍റെ ചര്‍ച്ച വന്ന ദിവസം പോലും തിരഞ്ഞെടുപ്പ് ഫലമായിരുന്നു 95 ശതമാനം സമയവും വിഷയം. ആ വകുപ്പിനെക്കുറിച്ച് കാര്യമായെന്തെങ്കിലും പരാമര്‍ശിച്ചത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാത്രം!

assembly-sabha

ചര്‍ച്ചചെയ്തില്ലെന്നു മാത്രമല്ല, സബ്ജക്ട് കമ്മറ്റിയുടെ പരിശോധന പോലും വേണ്ടെന്നു വെച്ച് രണ്ട് പ്രധാനപ്പെട്ട ബില്ലുകള്‍ സെക്കന്‍ഡുകള്‍ കൊണ്ട് പാസാക്കാനും മുതിർന്നു സഭ. പ്രതിപക്ഷ ബഹളം കത്തി നില്‍ക്കുന്നതിനിടെ, ബില്ലുകള്‍ സബജക്ട് കമ്മറ്റിക്ക് വിടണമെന്ന ചട്ടം സസ്പെന്‍ഡുചെയ്ത്, ചര്‍ച്ചയില്ലാതെ പഞ്ചായത്തിരാജ്, മുന്‍സിപ്പാലിറ്റി ഭേദഗതികള്‍‍ പാസാക്കി. എന്തായിരുന്നു തിടുക്കം?  വാര്‍ഡ് വിഭജനം പോലൊരുവിഷയമൊക്കെ കൃത്യമായി ചര്‍ച്ചചെയ്യാനും സബക്ട് കമ്മറ്റി പരിശോധിക്കാനുമൊക്കെയല്ലേ ഇത്ര വിപുലമായ ഒരുസംവിധാനം നിലനിർത്തുന്നത്. അല്ലാതെ, കിട്ടുന്ന അവസരത്തിലൊക്കെ ജനാധിപത്യത്തിന്‍റെ മഹത്വം, ഭരണഘടനയുടെ പവിത്രത എന്നിവയും കൂട്ടത്തിൽ കേരള നിയമസഭയുടെ വലിയ ചരിത്രവും പരാമര്‍ശിച്ചതുകൊണ്ടുമാത്രമായോ? അത് പ്രവര്‍ത്തിച്ചുകാണിക്കേണ്ടതും ജനപ്രതിനിധികളുടെ ചുമതലയല്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നതായിരുന്നു റെക്കോര്‍ഡ് വേഗത്തിലെ ബില്ലുപാസാക്കല്‍.

pinarayi-notes

ധനാഭ്യര്‍ഥന ചര്‍ച്ചാവേളയില്‍  ഓരോ വകുപ്പിനെയും ഇഴകീറി പരിശോധിക്കുന്നതിന് പകരം ഓരോ നിയോജകമണ്ഡലത്തിലെയും ലോക്സഭാ ഫലം വാര്‍ഡും ബൂത്തും തിരിച്ച് ചര്‍ച്ചചെയ്യുകയാണ് കേരള നിയമസഭ. വിജയം , പരാജയം, ഭൂരിപക്ഷം, ഞങ്ങളുടെ വോട്ട് ബാങ്ക്, നിങ്ങളുടെ വോട്ട്, പ്രീണനം, വര്‍ഗീയത, പാര്‍ട്ടി ക്ളാസ്, അഹങ്കാരം, ജനവിരുദ്ധത, ധാര്‍ഷ്ഠ്യം, മതിമറക്കല്‍,  തെറ്റുതിരുത്തല്‍, സ്വയം വിമര്‍ശനം, തിരിച്ചുവരവ് എന്നിങ്ങനെ സന്തോഷം , സങ്കടം, പ്രതീക്ഷ, ദേഷ്യം, നിരാശ എന്നീ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വാക്കുകളാണ് ചര്‍ച്ചകളില്‍ രണ്ടാഴ്ചയായി ആവര്‍ത്തിച്ചു കേട്ടത്. നൂറ്റൊന്ന് ആവര്‍ത്തിക്കും തോറും വിര്യം കൂടും എന്ന രീതിയില്‍ നഷ്ടബോധവും  തെറ്റുതിരുത്തലും ഒക്കെ അങ്ങനെയങ്ങ്  കനംവെക്കുകയാണ്. സ്്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ പാനല്‍ അധ്യക്ഷന്‍മാരോ കിണഞ്ഞ് ശ്രമിച്ചാലും ഈ ആവര്‍ത്തന ഭാഷണം നില്‍ക്കില്ലെന്നു മാത്രമല്ല, അല്‍പ്പം ഒന്ന് കുറയുകപോലുമില്ല. എത്രദിവസമാണ് ഇങ്ങനെ ഒരേകാര്യം, ഒരേ ആശയങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുക ബഹുമാനപ്പെട്ട ജനപ്രതിനിധികളെ ? നമ്മുടെ എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിനും ആധുനികകാലത്തെ ആശയവിനിമയ രീതികളെ കുറിച്ച് ഒരു പിടിയും ഇല്ലേ ? ഇടയ്ക്കിടെ സ്്പീക്കറെ നോക്കി സര്‍ എന്നു പറഞ്ഞതുകൊണ്ടോ, പരസ്പരം ബഹുമാനപ്പെട്ട അംഗം എന്നു വിളിച്ചതുകൊണ്ടോ നല്ല പാര്‍ലമെന്‍ററി പ്രവര്‍ത്തനമാകുമോ?

വെള്ളിയാഴ്ച തോറും സഭാ തലത്തില്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. സ്വകാര്യ ബില്ലുകളുടെ അവതരണം. നിയമ നിര്‍മാണം വേണ്ട വിഷയങ്ങള്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്നതാണ് ഇത്. പലപ്പോഴും വളരെ പ്രാധാന്യമുള്ള, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ വരാറുണ്ട്. ജൂണ്‍ 21ന്  സഭയില്‍ വന്ന സ്വകാര്യബില്ലുകൾ ഉദാഹരണം. അവ അവതരിപ്പിച്ച സി.കെ.ആശ, കെ.ഡി.പ്രസേനന്‍, ഡോ.എം.ജയരാജ് ഒക്കെ അഭിനനന്ദനം അര്‍ഹിക്കുന്നു. ഓണ്‍ലൈന്‍വിതരണ തൊഴിലാളികളുടെ ക്ഷേമനിധി, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയന്ത്രിക്കാനുള്ള നിയമത്തിന്‍റെ ആവശ്യകത, ഹരിത കര്‍മസേനയിലെ അംഗങ്ങളുടെ ക്ഷേമം ഇവയൊക്കെ സഭാതലത്തില്‍വന്നു. സ്വകാര്യബില്ലുകള്‍ അവതരിപ്പിക്കുന്ന ഏതാനും അംഗങ്ങളും ഒന്നോ രണ്ടോ മന്ത്രിമാരും മാത്രമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ആ ചര്‍ച്ചാ സമയത്ത് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭാതലത്തിലില്ല, ഭൂരിപക്ഷം മന്ത്രിമാരും അംഗങ്ങളും സ്ഥലം കാലിയാക്കി. പിന്നെ എന്തിനാണ് സര്‍ ഇങ്ങനെ ഒരു ചര്‍ച്ച?

vd-notes

സഭാ തലത്തില്‍ ചില തിളക്കമാര്‍ന്ന പ്രകടനങ്ങള്‍, ചില നല്ല പ്രസംഗങ്ങള്‍ , ഊര്‍ജ്വസ്വലമായ ഇടപെടലുകള്‍ , ഏറെ പ്രസക്തമായ റൂളിങ്ങുകള്‍ എന്നിവ ഇല്ലെന്നല്ല. പക്ഷെ ഭൂരിപക്ഷവും ആവര്‍ത്തനവിരസവും അപ്രസക്തവുമായ കാര്യങ്ങള്‍. ഒരു തവണ പറഞ്ഞ് അവസാനിപ്പിക്കേണ്ടവ പിന്നെയും പിന്നെയും പറയുന്നത് എന്തിനാണ്? ഒാരോ സമ്മേളന കാലത്തും ജനങ്ങള്‍ നിയമസഭാ പ്രവര്‍ത്തനത്തെ ഒാഡിറ്റ് ചെയ്യുമെന്ന് കരുതുന്നില്ലേ? അവിടെ നിന്നല്ലെ യഥാര്‍ഥ മാറ്റവും തിരുത്തലും തുടങ്ങേണ്ടത്. ചടുലവും മൂര്‍ച്ചയുള്ളതുമായ രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിതന്നെയാണ് നിയമസഭ, തര്‍ക്കമില്ല. പക്ഷെ ചതഞ്ഞ ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട കാലമായി എന്ന് ഒാര്‍മ്മിപ്പിക്കുന്നതാണ് സമ്മേളന ദിവസങ്ങള്‍.  കേരള നിയമസഭ ആധുനിക കാലത്തിന് ഇണങ്ങുന്ന ഈ നല്ല മാറ്റത്തിനുകൂടി വഴിതെളിക്കുമോ?

Assembly Notes:

Assembly Notes : Introducing our new column on Assembly discussions, authored by Sreedevi Pillai! Dive into the heart of legislative debates and discussions, where important matters are examined with a non-partisan and in-depth approach. Sreedevi brings a unique touch, blending thorough analysis with a touch of humor to keep you informed and entertained. Stay tuned for insightful and engaging coverage of the Assembly's most pressing issues.