താൻ വര്‍ഗീയത വിളമ്പുന്നുവെന്ന സമസ്ത മുഖപത്രത്തിന്‍റെ വിമര്‍ശനത്തിന് പുല്ലുവിലയേ കല്‍പ്പിക്കുന്നുള്ളൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമസ്തയടക്കമുള്ളവര്‍ എല്ലാവരും കൂടി ബി.ജെ.പിയെ എതിര്‍ത്തിട്ട് എന്തുണ്ടായി? ഇപ്പോഴും അവര്‍ തന്നെ ഇന്ത്യ ഭരിക്കുന്നുവെന്ന് അദ്ദേഹം മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
സാമൂഹിക-സാമ്പത്തിക സർവേ നടത്തിയാൽ ആർക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടിയതെന്ന് വ്യക്തമാകുമെന്നും സര്‍വേ നടത്താന്‍ ആദ്യം ആവശ്യപ്പെടണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 'മൈക്രോഫിനാന്‍സ് ഉള്‍പ്പടെയുള്ള കേസുകളില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരാണ് പറഞ്ഞത്?' കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സംഘപരിവാറിനെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ അവാസ്തവ കാര്യങ്ങളാണ് വെള്ളാപ്പള്ളി പറയുന്നതെന്നും ആര്‍.എസ്.എസിനുള്ള ഒളിസേവയാണ് നടത്തുന്നതെന്നും 'സുപ്രഭാതം' പത്രത്തിലെ മുഖപ്രസംഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 'ഈ ലോകം സത്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക എന്ന ഗുരുദേവ വചനത്തിലാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. കാലങ്ങളായി അസത്യവും അര്‍ധസത്യങ്ങളും മാത്രം പറയുന്ന വെള്ളാപ്പള്ളി നടേശനെന്ന സമുദായ നേതാവിന് കൂടി ഈ വചനം ബാധകമാണെന്ന് പത്രം പറയുന്നു. കേരളത്തില്‍ എല്‍.ഡി.എഫും യുഡിഎഫും അവരുടെ രാജ്യസഭ സീറ്റുകള്‍ മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും വീതം വച്ചുവെന്ന പരാമര്‍ശത്തിനെതിരെയാണ് മുഖപ്രസംഗം. ഈഴവര്‍ക്ക് അവകാശപ്പെട്ട പദവികളോ അവസരങ്ങളോ മുസ്ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുവെന്ന പറച്ചിലില്‍ വല്ല വാസ്തവവും ഉണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത കൂടി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളിക്കുണ്ടെന്നും അല്ലാതെ സംഘപരിവാറിന്‍റെ നുണ ഉല്‍പാദക ഫാക്ടറികളെ നാണിപ്പിക്കുംവിധത്തിലുള്ള അവാസ്തവങ്ങള്‍ കൊണ്ട് സമൂഹത്തില്‍ ഛിദ്രത തീര്‍ക്കരുതെന്നും മുഖപ്രസംഗം പറയുന്നു.