കെ.രാധാകൃഷ്ണന്‍ വഹിച്ചിരുന്ന ദേവസ്വം വകുപ്പ് പുതിയ മന്ത്രിയായ ഒ.ആര്‍ കേളുവിന് നല്‍കാത്തത് ചര്‍ച്ചയാവുന്നു. ദളിത് വിഭാഗത്തില്‍ നിന്നുള്ള കെ രാധാകൃഷ്ണന് ദേവസ്വം നല്‍കിയതിനെ വിപ്ലവകരമെന്ന് കരുതിയ മൂന്ന് വര്‍ഷത്തിനുപ്പുറം പിന്നോക്ക വിഭാഗക്കാരന് ദേവസ്വം വകുപ്പ് നിഷേധിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. തനിക്ക് പരിചയക്കുറവുള്ളതിനാലാണ് കൂടുതല്‍ വകുപ്പുകള്‍ നല്‍കാത്തത് എന്നും കേളു ഇന്നും ആവര്‍ത്തിച്ചു.
ദേവസ്വം വകുപ്പ് കേളുവിന് നല്‍കാതെ അത് വി.എന്‍ വാസവന് നല്‍കിയത് എന്തിനെന്ന ചോദ്യവും ചര്‍ച്ചയുമാണ് ഉയരുന്നത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയതായി വകുപ്പ് നല്‍കാത്തതല്ല മറിച്ച് കെ രാധാകൃഷ്ണന്‍ വഹിച്ച ദേവസ്വം വകുപ്പ് പട്ടികവര്‍ഗക്കാരനായ ഒ.ആര്‍ കേളുവിന് നല്‍കാത്തതാണെന്നതാണ് വിമര്‍ശനവിധേയമാവുന്നത്. എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയാവാന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഒരു മാറ്റവും വരുത്താതെ എക്സൈസും തദ്ദേശവകുപ്പും എം.ബി രാജേഷിന് നല്‍കിയിരുന്നു. പരിചയകുറവ് ഉള്ളതിനാലാവും അധികം വകുപ്പുകള്‍ തരാത്തതെന്ന വാദം കേളു ആവര്‍ത്തിച്ചു.
പാര്‍ലമെന്‍ററികാര്യം ഒഴിവാക്കിയതിന് പരിചയക്കുറവ് ചൂണ്ടിക്കാണിക്കാമെങ്കിലും ദേവസ്വം ഒഴിവാക്കിയത് എന്തിനെന്ന് ഇനിയും പാര്‍ട്ടിയോ മുഖ്യമന്ത്രിയോ കൃതൃമായ ഉത്തരം നല്‍കിയിട്ടില്ല. വകുപ്പുകൾ വെട്ടിക്കുറച്ച് കേളുവിനോട് കാട്ടിയത് നീതി നിഷേധമെന്ന് ബിജെപി കുറ്റപ്പെടുത്തി. കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോർഡിനേറ്റർ എം.ഗീതാനന്ദൻ ആരോപിച്ചു. ദേവസ്വം വകുപ്പ് നൽകാതിരുന്നത് മോശപ്പെട്ട സന്ദേശം നൽകും. സിപിഎം സവർണപ്രീണനം നടത്തുന്നുവെന്ന വ്യാഖ്യാനവുമുണ്ട്. തീരുമാനം തിരുത്തപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗീതാനന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു.