M-V-Govindan-and-Pinarayi-V

മുഖ്യമന്ത്രിയുടെ ശൈലി മാറ്റം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.  മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടതെന്ന് എം.വി. ഗോവിന്ദന്‍ ചോദിച്ചു.  ആഭ്യന്തരവകുപ്പിനും പൊലീസിനും രൂക്ഷവിമര്‍ശമുയര്‍ന്ന സംസ്ഥാന സമിതിയില്‍ തൃശൂര്‍ പൂരത്തില്‍ പൊലീസ് പ്രശ്നമുണ്ടാക്കിയത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്് ആക്ഷേപം ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി ഒരു മറുപടിയും പറയാതെ മൗനം പാലിച്ചു. 

അധികാരത്തിലെത്തി ഇത് ആദ്യമായി മുഖ്യമന്തിക്കെതിരെ പാര്‍ട്ടികമ്മിറ്റിയില്‍  എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയുടെ ശൈലി മാറ്റില്ലെന്നാണ് സിപിഎം നിലപാട്.  മൈക്ക് ഓപ്പറേറ്ററോട് പോലും കയര്‍ത്ത മുഖ്യമന്ത്രിയുടെ രീതി അവമതിപ്പുണ്ടാക്കിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതാക്കളുടെ ശൈലിമാറ്റത്തെപ്പറ്റിയുള്ള പൊതുചോദ്യത്തിനു നേതാക്കളുടെ മാത്രമല്ല പ്രവര്‍ത്തകരുടെ ശൈലിയാണെങ്കിലും തിരുത്തുമെന്നായിരുന്നു ഗോവിന്ദന്‍റെ ആദ്യ  പ്രതികരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ശൈലിയെപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി മാറി. 

സുരേഷ് ഗോപിയെ സഹായിക്കാനായിരുന്നു തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ എന്ന് വിമര്‍ശനമുയര്‍ന്നു.  മുഖ്യമന്ത്രിയെ കൂടാതെ മറ്റൊരാള്‍ കൂടി പൊലീസിനെ നിയന്ത്രിക്കുന്നുവെന്ന് പി. ശശിയെ ലക്ഷ്യമാക്കി വിമര്‍ശനം ഉയര്‍ന്നു. ഗുണ്ടാ ആക്രമണങ്ങള്‍ തടയുന്നതിലും  സ്ത്രീസുരക്ഷയിലും പൊലീസ് പരാജയപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാളിച്ചകളുണ്ടായി എന്ന വിമര്‍ശനം ഉയര്‍ന്നു.  കെ.കെ. ശൈലജ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ അടിസ്ഥാന വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടി പരിപാടിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സിപിഎം നിര്‍ദേശം നല്‍കി. ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന്‍റെ മുന്‍ഗണനാക്രമം അടുത്ത കമ്മിറ്റി നിശ്ചയിക്കും