ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന് പകരം മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മന്ത്രിസഭയിലേക്ക്. പട്ടികജാതി – പട്ടിക വര്‍ഗ വകുപ്പിന്‍റെ ചുമതലയാണ് നല്‍കിയത്. ദേവസ്വം വകുപ്പിന്‍റെ ചുമതല മന്ത്രി വി.എന്‍. വാസവനും, പാര്‍ലമെന്‍ററി കാര്യം എം.ബി രാജേഷിനും നല്‍കി.

വയനാട്ടിൽ നിന്നുള്ള എംഎൽ.എ എന്നതും സിപിഎം സംസ്ഥാന സമിതി അംഗം എന്നതും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിര്‍ണായകമായി. ഇതിന് പുറമെ പട്ടികവർഗ്ഗ വിഭാഗത്തിൽനിന്നുള്ള നേതാവെന്നതും ഒ.ആര്‍.കേളുവിന് അനുകൂല ഘടകമായി.

മുന്‍മന്ത്രി പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് രണ്ട് തവണയും ഒ.ആര്‍ കേളു നിയമസഭയില്‍ എത്തിയത്. നിലവില്‍ ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ കമ്മിറ്റിയംഗവും എസ്‌സി– എസ്ടി നിയമസഭാ സമിതി ചെയർമാനുമാണ്. 2011 ലെ ഉമ്മൻ ചാണ്ടി സര്‍ക്കാരിന് ശേഷം പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഇതാദ്യമായാണ് ഒരാള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുന്നത്.

ENGLISH SUMMARY:

O R Kelu to be sworn as Minister in Kerala