വടകരയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടിറക്കിയ 'കാഫിര്‍' പോസ്റ്റ് പ്രചരിപ്പിച്ച സി.പി.എം സംസ്ഥാന സമിതിയംഗം കെ.കെ ലതികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫിലാണ് പരാതി നല്‍കിയത്. ഫേസ്ബുക്ക് വഴി ലതിക യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ ഒരു മതത്തിന്റ ആളായി ചിത്രീകരിച്ചെന്നും തിരഞ്ഞെടുപ്പ് കാലത്ത് മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. മുന്‍ എം.എല്‍.എ ആയതുകൊണ്ട് ഒരുപാട് വ്യക്തികളെ പോസ്റ്റുവഴി സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 153 എ വകുപ്പ് പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരവും ലതികയ്ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസീമിന്റ പേരിലാണ് പോസ്റ്റ് പ്രചരിച്ചതെങ്കിലും കാസിമിന് ഇതില്‍ പങ്കില്ലെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്ത ലതികയ്ക്കെതിരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കിയത്.