രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആര്‍ജെഡി പരസ്യകലാപക്കൊടി ഉയര്‍ത്തിയത് മന്ത്രിസഭാ അഴിച്ചുപണി മുന്നില്‍ കണ്ട്. കെ. രാധാകൃഷ്ണന്‍റെ ഒഴിവിലേയ്ക്ക് ആര്‍ജെഡിയെ പരിഗണിക്കണമെന്നാണ് നിലവിലെ ആവശ്യം. എന്നാലിക്കാര്യം സിപിഎം കേട്ടതായി ഭാവിച്ചിട്ടില്ല. സിപിഐയ്ക്കും കേരള കോണ്‍ഗ്രസിനും രാജ്യസഭാ സീറ്റ് നല്‍കുകയും ആര്‍ജെഡിയെ പൂര്‍ണമായി അവഗണിക്കുകയും ചെയ്തത് എം.വി. ശ്രേയാംസ് കുമാറിനെയും കൂട്ടരെയും കുറച്ചൊന്നുമല്ല കുഴപ്പിക്കുന്നത്. നേതൃത്വത്തിന്‍റെ പിടിപ്പുകേടാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് പരസ്യപ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയത്.
ആലത്തൂരില്‍ നിന്ന് ലോക്സഭയിലേയ്ക്ക് ജയിച്ച കെ. രാധാകൃഷ്ണന് പകരം ആര്‍ജെഡിയുടെ ഏക എംഎല്‍എ ആയ കെ. പി. മോഹനനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. എന്നാല്‍ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം, പിന്നാക്ക ക്ഷേമം, പാര്‍ലമെന്‍ററി കാര്യം എന്നീ വകുപ്പുകള്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട മറ്റൊരാള്‍ക്ക് കൈമാറാനാണ് സിപിഎം ആലോചന. അങ്ങനെയെങ്കില്‍ വകുപ്പ് മാറ്റി തന്നാലും മതിയെന്ന് ആര്‍ജെഡി പറഞ്ഞുനോക്കുന്നുണ്ടെങ്കിലും സിപിഎം ഇത് ഗൗരവമായി എടുത്തിട്ടില്ല.
മന്ത്രിസഭയിലിടം നല്‍കിയില്ലെങ്കില്‍ ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍, മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവികളിലും ആര്‍ജെഡി നോട്ടമിടുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു എംഎല്‍എ മാത്രമുള്ള ജനാധിപത്യകേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവര്‍ക്ക് ആദ്യവും കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്ക് രണ്ടര വര്‍ഷത്തിന് ശേഷവും കൃത്യമായി മന്ത്രിസ്ഥാനം നല്‍കിയപ്പോഴാണ് ആര്‍ജെഡിക്ക് മാത്രം കടുത്ത അവഗണന നേരിടേണ്ടി വരുന്നത്.