വയനാട്ടിൽ തുടരണോ അതോ റായ്ബറേലി വേണോ എന്ന കാര്യത്തിൽ തനിക്ക് ധർമസങ്കടമെന്ന് രാഹുൽ ഗാന്ധി. താൻ ഒരു സാധാരണ മനുഷ്യനായതുകൊണ്ടാണ് ഈ ധർമസങ്കടം. വയനാടിന്‍റെ കാര്യത്തിൽ ഇതുവരേയും തീരുമാനം എടുക്കാനായിട്ടില്ല. വയനാട്, റായ്ബറേലി മണ്ഡലങ്ങളിലുള്ളവർക്ക് സന്തോഷമുള്ള തീരുമാനമാണ് കൈക്കൊള്ളുക. ഏത് മണ്ഡലത്തിൽ തുടരണമെന്നും രാഹുൽ ഗാന്ധി ജനങ്ങളോട് വിളിച്ചു ചോദിച്ചു. വയനാട്ടിൽ തുടരണമെന്ന് സദസിലുള്ളവർ വിളിച്ചു പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിൽ മണ്ഡലത്തിൽ എത്തിയ രാഹുൽ ഗാന്ധിയ്ക്ക് ഊഷ്മള വരവേൽപാണ് ലഭിച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടന്നതെന്ന് പറഞ്ഞ രാഹുല്‍ വേദിയില്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടി. എടവണ്ണയിൽ നടന്ന 100 മീറ്റർ മാത്രം നീണ്ട റോഡ് ഷോയിലും ആയിരങ്ങൾ പങ്കെടുത്തു.
കെ.സി.വേണുഗോപാലിനു പുറമെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ തുടങ്ങി മുഴുവൻ നേതാക്കളും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. എടവണ്ണയിലെ പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി കൽപ്പറ്റയിലേക്ക് തിരിച്ചു.