രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനും സിപിഐയ്ക്കും വിട്ടുകൊടുത്തതിന് പിന്നാലെ എല്‍ഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞ് ആര്‍ജെഡി. 2024 ല്‍ സീറ്റ് നല്‍കുമെന്ന വാഗ്ദാനം നടപ്പായില്ലെന്നും വലിഞ്ഞുകയറി വന്നവരല്ലെന്നും സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ്കുമാര്‍ പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന ജെഡിഎസിന് മന്ത്രിസഭയിലുള്ള പരിഗണന പോലും ആര്‍ജെഡിക്ക് കിട്ടുന്നില്ലെന്നതാണ് നേതൃത്വത്തെ ചൊടിപ്പിക്കുന്നത്.
രാജ്യസഭാ സീറ്റ് മാത്രമല്ല, ലോക്സഭ സീറ്റിലും മന്ത്രിസഭയിലും പ്രാതിനിധ്യം ഇല്ലാതെ മുന്നണിയില്‍ തഴയപ്പെടുന്നുവെന്നതാണ് ആര്‍ജെഡിയുടെ പ്രശ്നം. ജെഡിഎസിനെ കുത്തിയാണ് മുന്നണി നേതൃത്വത്തിനെതിരെ ശ്രേയാംസ്കുമാര്‍ തുറന്നടിച്ചത്. കേന്ദ്രത്തില്‍ എന്‍ഡിഎക്കൊപ്പം നില്‍ക്കുന്ന അതേപാര്‍ട്ടിയ്ക്കാണ് കേരളത്തില്‍ എല്‍ഡിഎഫില്‍ മന്ത്രിപദവി നല്‍കിയതെന്നും അതില്‍ മുന്നണി നേതൃത്വത്തിന് ഒരു പ്രശ്നവുമില്ലെന്നും ശ്രേയാംസ്.
മന്ത്രിസ്ഥാനമെന്ന ആവശ്യം തുടക്കം മുതലേ ഉള്ളതാണെന്നും അത് കിട്ടിയേ തീരൂ എന്നുമാണ് പാര്‍ട്ടി നിലപാട്. കെ. രാധാകൃഷ്ണന്‍റെ ഒഴിവ് മന്ത്രിസഭയിലുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം ഉന്നയിക്കുന്നത്. മറ്റു മുന്നണികള്‍ ക്ഷണിക്കുന്നുണ്ടെന്നും എന്നാല്‍ എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ആര്‍ജെഡി നിലപാട് വ്യക്തമാക്കി. എന്നാല്‍ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മുന്നണി മാറുന്നത് അപ്പോള്‍ നോക്കാമെന്നും ശ്രേയാംസ്കുമാര്‍ പറയുന്നുണ്ട്.