നാലാം ലോക കേരള സഭയ്ക്ക് നാളെ തുടക്കം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 14,15 തിയ്യതികളില്‍ നിയമസഭയിലെ ശങ്കരനാരയണന്‍ തമ്പി ഹാളിലാണ് പ്രതിനിധി സമ്മേളനം. പരിപാടികള്‍ പ്രതിപക്ഷം ബഹിഷ്കരിക്കും. പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടന ക്ഷണം ഗവര്‍ണറും നിരസിച്ചിരുന്നു.
പതിവുപോലെ വിവാദങ്ങളുടെ അകമ്പടിയോടെ തന്നെയാണ് ലോകകേരള സഭയുടെ ഇത്തവണത്തെ സമ്മേളനവും. പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടകനായി ഗവര്‍ണറെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഭരണഘടന സ്ഥാപനങ്ങളെ സര്‍ക്കാര്‍ ദുര്‍ബലമാക്കുന്നുവെന്ന് ആരോപിച്ച് ക്ഷണവുമായി എത്തിയ ചീഫ്സെക്രട്ടറിയെ ഗവര്‍ണര്‍ മടക്കി അയച്ചു. ദൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം ഇത്തവണയും പങ്കെടുക്കില്ല. നാളെ രാവിലെ മാസ്കറ്റ് ഹോട്ടലില്‍ കേരള മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ടിന്‍റെ പ്രകാശനത്തോടെയും ലോകകേരള പോര്‍ട്ടല്‍ ലോഞ്ചിങ്ങോടെയുമാണ് പരിപാടികള്‍ തുടങ്ങുക. വൈകിട്ട് 5.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനം ഗവര്‍ണറുടെ അസാന്നിധ്യത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. മറ്റന്നാളാണ് ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനം ആരംഭിക്കുക. 350ലധികം പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകളും മേഖല ചര്‍ച്ചകളും നടക്കും.
15ന് ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിംഗ്. ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയും സ്പീക്കറുടെ സമാപന പ്രസംഗത്തോടെയും നാലാം ലോക കേരള സഭയ്ക്ക് തിരശ്ശീല വീഴും.