TOPICS COVERED

സമൂഹമാധ്യമങ്ങളിലൂടെയുള്ള മോശം പ്രതികരണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി പത്മജ വേണുഗോപാൽ രംഗത്ത്. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് താന്‍ തന്നെയാണെന്നാണ് പത്മജ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘കോൺഗ്രസിന്റെ സംസ്ഥാന നേതാവായിരിക്കുന്നതിലും അഭിമാനമായി ഞാൻ കാണുന്നത് ബിജെപിയുടെ ഒരു സാധാരണ പ്രവർത്തക ആയിരിക്കുന്നത് ആണ്. അതുകൊണ്ട് നിങ്ങളുടെ വിരട്ടലും, പരിഹാസവും ഒക്കെ എനിക്ക് വെറും ചുക്കാണ്. പിന്നെ പരിധിവിട്ട് മോശം കമന്‍റ് എഴുതുന്നവർ  എന്റെ ശ്രദ്ധയിൽപ്പെട്ടാൽ  അവരെ എങ്ങനെ നിയമപരമായി കൈകാര്യം ചെയ്യാം എന്നത് ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് അറിയാം’ എന്നാണ് പത്മജ വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

പലരും എന്നോട് പറയുന്നു നിരവധി കോൺഗ്രസുകാർ ഒരുപാട് പരിഹാസ കമന്റുകളും, അധിക്ഷേപങ്ങളും, തെറികളും ഒക്കെ എനിക്കെതിരെ എഴുതുന്നു എന്ന്. അവരെ ചേച്ചി എന്താണ് ബ്ലോക്ക് ചെയ്യാത്തത് എന്ന്. ചേച്ചിയുടെ അഡ്മിനോട് പറയണം അവരെ ബ്ലോക്ക് ചെയ്യാൻ എന്ന്. എല്ലാ പാർട്ടിയുടെ നേതാക്കളുടെയും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന അഡ്മിന്മാർ അങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യാറുണ്ട് എന്ന്.

ആദ്യമേ പറയട്ടെ എനിക്ക് ഒരു അഡ്മിനും ഇല്ല. ഞാൻ തന്നെയാണ് എന്റെ പോസ്റ്റുകൾ തയ്യാറാക്കി ഇടുന്നത്. പിന്നെ മുഴുവൻ കമന്റുകളും നോക്കിക്കൊണ്ടിരിക്കാൻ എനിക്ക് സമയമില്ല. എനിക്ക് ശരി എന്ന് തോന്നുന്ന എന്റെ അഭിപ്രായം പറയുവാൻ ആണ് ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. 

പിന്നെ പരിഹസിക്കുന്നവരോടും അധിക്ഷേപിക്കുന്നവരോടും എനിക്ക് പറയാനുള്ളത്. നിങ്ങൾ എനിക്കെതിരെ കമന്റുകൾ ഇട്ട് വെറുതെ ക്ഷീണിച്ച് തളരുക മാത്രമേ ഉള്ളൂ. നിങ്ങൾ എന്ത് എഴുതിയാലും എന്നെ അതൊന്നും ബാധിക്കുന്നേ ഇല്ല. അതുകൊണ്ട് കമന്റുകൾ നോക്കിയിരുന്ന് അത്തരക്കാരെ ബ്ലോക്ക് ചെയ്യാൻ ഞാൻ താല്പര്യപ്പെടുന്നില്ല.

ബിജെപിയിൽ ചേരുക എന്ന ഞാൻ എടുത്ത രാഷ്ട്രീയ തീരുമാനം ശരിയാണ് എന്ന് എനിക്ക് പൂർണ്ണ  ബോധ്യമുണ്ട്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. പിന്നെ പത്മജയ്ക്ക് ബിജെപി ഒന്നും തരില്ല എന്നാണ് കമന്റന്മാർ പറയുന്നത്. ഞാൻ ചിന്തിക്കുന്നത് ബിജെപി എനിക്ക് എന്ത് തരും എന്നല്ല, എനിക്ക് ബിജെപിക്ക് എന്ത് നൽകാൻ കഴിയും എന്നാണ്.

കോൺഗ്രസിന്റെ സംസ്ഥാന നേതാവായിരിക്കുന്നതിലും അഭിമാനമായി ഞാൻ കാണുന്നത് ബിജെപിയുടെ ഒരു സാധാരണ പ്രവർത്തക ആയിരിക്കുന്നത് ആണ്. അതുകൊണ്ട് നിങ്ങളുടെ വിരട്ടലും, പരിഹാസവും ഒക്കെ എനിക്ക് വെറും ചുക്കാണ്. പിന്നെ പരിധിവിട്ട് മോശം കമന്‍റ് എഴുതുന്നവർ  എന്റെ ശ്രദ്ധയിൽപ്പെട്ടാൽ  അവരെ എങ്ങനെ നിയമപരമായി കൈകാര്യം ചെയ്യാം എന്നത് ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് അറിയാം. അപ്പോൾ കാര്യങ്ങൾ മനസ്സിലായല്ലോ.

പത്മജ വേണുഗോപാൽ

ENGLISH SUMMARY:

Padmaja Venugopal's facebook post about social media bullying,