Untitled design - 1

അമേഠിയിൽ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സ്മൃതി ഇറാനിയെ ട്രോളി കോൺ​ഗ്രസ് നേതാവ് ടി. സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.  അമേഠിയിൽ പുതിയതായി നിർമ്മിച്ച ഒരു വീട് കൊടുക്കാനുണ്ട് എന്ന ക്യാപ്ഷനോടെ അമേഠിയിൽ സ്മൃതി ഇറാനി വെച്ച വീടിന്റെ പടമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.  

2019ൽ രാഹുൽ ഗാന്ധിക്കെതിരെ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് സ്മൃതി ഇറാനി ഇത്തവണയും അമേത്തിയിൽ മത്സരത്തിനിറങ്ങിയത്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി കിഷോരിലാൽ ശർമക്ക് അനുകൂലമായ ജനവിധിയാണ് ഇക്കുറി മണ്ഡലത്തിൽ ഉണ്ടായത്. 1,67,196 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് കിഷോരിലാൽ അമേത്തിയിൽ ജയമുറപ്പിച്ചത്. സ്മൃതിയുടെ പരാജയത്തോടെ മണ്ഡലത്തിൽ ബി.ജെ.പിക്ക് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

സ്മൃതിയുടെ തോൽവി കോൺഗ്രസിനെ സംബന്ധിച്ച് മധുര പ്രതികാരമാണ്. 2019 ൽ രാഹുൽ ഗാന്ധിയെ തോൽപിച്ച സ്മൃതിയെ തോൽപിക്കേണ്ടത് കോൺഗ്രസിന് അഭിമാനപ്രശ്നമായിരുന്നു. എന്നാൽ, ആ ദൗത്യത്തിലേക്ക് രാഹുലിനെ ഇറക്കാൻ കോൺഗ്രസ് മടിച്ചു.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിശോരിലാലിനു നറുക്കു വീഴുന്നത് അങ്ങനെയായിരുന്നു. 

അമേഠിയില്‍ നടന്ന് കനത്ത പോരാട്ടത്തില്‍ കാലിടറിയെങ്കിലും ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുകയാണ് സ്മൃതി. തോല്‍വി ഉറപ്പിച്ചതിന് പിന്നാലെ സ്മൃതി സമൂഹമാധ്യങ്ങളില്‍ പങ്കുവച്ച വാക്കുകൾ ഇങ്ങനെയാണ്. ‘ജീവിതം അങ്ങിനെയാണ്...ഒരു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒരോ ഗ്രാമങ്ങളിലൂടെയും ഞാന്‍ സഞ്ചരിച്ചു. ജീവിതങ്ങളെ കെട്ടിപ്പടുത്തും ജനങ്ങളില്‍ പ്രതീക്ഷയും പ്രോല്‍സാഹനവും വളര്‍ത്തി. റോഡുകള്‍, കെട്ടിടങ്ങള്‍, മെഡിക്കല്‍ കോളജ് തുടങ്ങി വികസനപ്രവര്‍ത്തനങ്ങളെല്ലാം നടത്തി. എന്‍റെ തോല്‍വിയിലും വിജയത്തിലും എന്നോടൊപ്പം നിന്നവരോട് നന്ദി. ഇന്ന് വിജയമാഘോഷിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍’‍. സന്തോഷമല്ലേ എന്ന് ചോദിച്ചാല്‍ അതിന് കുറവൊന്നുനില്ല സാര്‍ എന്നായിരിക്കും മറുപടിയെന്നും സ്മൃതി ട്വിറ്ററില്‍ കുറിച്ചു. 

ENGLISH SUMMARY:

Smriti Irani was trolled by Congress leader T Siddique