
തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്റെ ദയനീയ തകര്‍ച്ചയിലേക്ക് നയിച്ചത് ഇടത് ജനപ്രതിനിധികളുടെ ബൂത്തുകളിലടക്കമുണ്ടായ വന്വോട്ടുചോര്ച്ച. മന്തിമാരായ വി.ശിവന്‍കുട്ടിയുടെയും ജി.ആര്.അനിലിന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബൂത്തില്‍ ബി.ജെ.പി ഒന്നാമതെത്തി. മേയറുടെ സ്വന്തം വാര്‍ഡ് അടക്കം ഭൂരിപക്ഷം കോര്പ്പറേഷന് വാര്‍ഡുകളിലും ബി.ജെ.പിയാണ് മുന്നില്‍.
മല്‍സരിക്കാനില്ലെന്ന് അറിയിച്ച പന്ന്യനെ നിര്‍ബന്ധിച്ച് കളത്തിലിറക്കിയപ്പോള്‍ രണ്ടാംസ്ഥാനമെങ്കിലും കിട്ടുമെന്നാണ് ഇടതുപക്ഷം അവകാശപ്പെട്ടത്. ക്രോസ് വോട്ടിങ്ങില്ലെന്ന് സി.പി.എം ഉറപ്പും നല്കി. പക്ഷെ പാര്‍ട്ടിക്കാരനല്ലാത്ത ബെന്നറ്റ് എബ്രഹാം 2014ല്‍ നേടിയ വോട്ടുപോലും സി.പി.ഐയിലെ ഏറ്റവും ജനകീയ നേതാവിന് കിട്ടിയില്ല. സി.പി.എം വോട്ടുകള്‍ ചോര്‍ന്നതാണ് അതിന് കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നേമത്തെ ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചയാളെന്ന് അഭിമാനിക്കുന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ സ്വന്തം ബൂത്തില്‍ ആകെ കിട്ടിയത് 87 വോട്ടുമാത്രം. തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച, മണ്ഡലത്തിലെ മറ്റൊരു മന്ത്രിയായ ജി.ആര്.അനിലിന്റെ ബൂത്തില്‍ ബി.ജെ.പി 522 വോട്ടിലേക്ക് കുതിച്ചപ്പോള്‍ പന്ന്യന്‍ 161 വോട്ടുമായി മൂന്നമതൊതുങ്ങി.
നഗരത്തിലെ സി.പി.എമ്മിന്റെ മുഖമായ ആര്യാ രാജേന്ദ്രന്റെ ബൂത്തിലും നാണംകെട്ടു. ബി.ജെ.പി ഒന്നാമതെത്തിയ ഇവിടെ എല്‍.ഡി.എഫ് മൂന്നാമതാണ്. മണ്ഡലത്തിലെ ആറ് ഇടത് എം.എല്‍.എമാരില്‍ അഞ്ച് പേരുടെ ബൂത്തിലും പന്ന്യന്‍ തോറ്റു. കടകംപള്ളി സുരേന്ദ്രന്റെയും കെ.ആന്‍സലന്റെയും ബൂത്തുകളില്‍ ബി.ജെ.പി ഒന്നാമതായപ്പോള്‍ സി.കെ.ഹരീന്ദ്രന്റെയും ആന്റണി രാജുവിന്റെയും ബൂത്തില്‍ യു.ഡി.എഫാണ് മുന്നില്‍. വി.കെ.പ്രശാന്തിന്റെ ബൂത്തില്‍ മാത്രമാണ് എല്‍.ഡി.എഫ് ഒന്നാമതെത്തിയത്. സി.പി.എം അടക്കി ഭരിക്കുന്നതാണ് തിരുവനന്തപുരം കോര്പ്പറേഷന്. എന്നാല്‍ മേയറുടെ വാര്‍ഡിലടക്കം ബി.ജെ.പി ലീഡിലേക്ക് കുതിക്കുന്നതിനും ഈ തിരഞ്ഞെടുപ്പ് സാക്ഷിയായി. തിരുവനന്തപുരത്തെ യു.ഡി.എഫിന്റെ ഏക എം.എല്‍.എയായ എം.വിന്‍സന്റിന്റെ ബൂത്തില്‍ ബി.ജെ.പി ഒന്നാമതെത്തിയപ്പോള്‍ തരൂരിന്റെ ബൂത്തില്‍ തരൂര്‍ തന്നെ മുന്നിലെത്തി മാനം കാത്തു.