udf-lead-in-cpm-strong-hold

ഇടുക്കിയിലെ പരാജയ കാരണം പരിശോധിക്കുമെന്ന് എൽ ഡി എഫ് ജില്ല നേതൃത്വം. ഇടത് കോട്ടയായ ഉടുമ്പൻചോലയിലടക്കം ലീഡ് ഉയർത്തിയാണ് യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ വിജയം. കേരള കോൺഗ്രസ്‌ മുന്നണി മാറിയെത്തിയിട്ടും വോട്ട് ഉയർത്താൻ എൽ.ഡി.എഫിനായില്ല.

സ്ഥാനാർഥി നിർണയം മുതൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും കേന്ദ്ര സർക്കാരിനെ വിമർശിച്ചും ജില്ലയുടെ മുക്കിനും മൂലയിലുമെത്തി പ്രചരണം നടത്തിയിട്ടും തിരഞ്ഞെടുപ്പ് തോൽവി എൽ.ഡി.എഫിന് കനത്ത പ്രഹരമായി. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിട്ടും ശക്തി കേന്ദ്രമായ ഉടുമ്പൻചോലയിൽ ഒരു തവണ മാത്രമാണ് ഇടതുമുന്നണി സ്ഥാനാർഥി ജോയ്സ് ജോർജിന് ലീഡ് ഉയർത്താനായത്. ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടിയുള്ള വിജയം സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു 

മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലമായ ഇടുക്കിയിലും ഡീനിന്റെ തേരോട്ടം തടയാനായില്ലെങ്കിലും പരാജയ കാരണം യു.ഡി.എഫ്. തരംഗമെന്ന് പറഞ്ഞൊഴിയുകയാണ് ജില്ലയിലെ എൽ.ഡി.എഫ്. നേതൃത്വം. എന്നാൽ 2019 നെക്കാൾ 12,675 വോട്ട് ഉയർത്താനായത്തിന്റെ ആശ്വാസത്തിലാണ് എൻ.ഡി.എ. സ്ഥാനാർഥി സംഗീത വിശ്വനാഥൻ. ഭരണവിരുദ്ധ വികാരം ഫലം നിർണയിച്ച ഇടുക്കിയിൽ 9519 വോട്ടുകൾ നോട്ടക്ക് പോയിയെന്നതും ശ്രദ്ധേയമാണ്. 

ENGLISH SUMMARY:

The LDF district leadership will investigate the reasons for the defeat in Idukki. UDF candidate Dean Kuriakose won with a significant lead, even in Udumbanchola, a Left stronghold. Despite the Kerala Congress switching alliances, the LDF was unable to increase its votes.