എൻ.കെ. പ്രേമചന്ദ്രൻ കൊല്ലത്ത് പ്രചാരണത്തിനിടെ. ചിത്രം; www.facebook.com/nkpremachandran
എൻ.കെ.പ്രേമചന്ദ്രന്റെ ഹാട്രിക് വിജയത്തിൽ ആടിയുലഞ്ഞ് കൊല്ലത്തെ എൽഡിഎഫ്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി ഉണ്ടായതിന് പുറമേ വോട്ടുചോർച്ചയും സംശയിക്കുന്നു. 2019 ലേതിനേക്കാൾ അരലക്ഷം വോട്ടിന്റെ കുറവാണ് എൽഡിഎഫിന് ഉണ്ടായത്. അതേസമയം ബിജെപി അറുപതിനായിരം വോട്ട് അധികം പിടിച്ചതും ഞെട്ടലായി. കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിൽ റെക്കോർഡ് ഭൂരിപക്ഷമാണ് എൻകെ പ്രേമചന്ദ്രൻ കുറച്ചത്.
മുസ്‌ലിം വോട്ട് ലക്ഷ്യമിട്ട് എൻകെ പ്രേമചന്ദ്രനെതിരെ സിപിഎം പ്രചാരണം നടത്തിയിട്ടും ഏശിയില്ല. പ്രധാനമന്ത്രിയുടെ വിരന്നുസൽക്കാരത്തിൽ സാന്നിധ്യമായതിന്റെ പേരിൽ ബിജെപിക്കാരനാണെന്ന് ആക്ഷേപിച്ചിട്ടും ഇടതുശക്തികേന്ദ്രങ്ങൾ പോലും എൽഡിഎഫിനെ കൈവിട്ടു. 2019 ൽ എൽഡിഎഫ് നേടിയതിനേക്കാൾ 57,495 വോട്ടിന്റെ കുറവാണ് എം മുകേഷിന് ലഭിച്ചത്.
അതേസമയം, പ്രേമചന്ദ്രൻ ബിജെപി വോട്ട് പിടിച്ചെന്ന പരമ്പരാഗത പ്രചാരണവും ഇക്കുറി ഏൽക്കില്ല 2019 ലേതിനേക്കാൾ എൻഡിഎ വോട്ടുനില ഉയർത്തിയതും സിപിഎമ്മിനെ ഞെട്ടിച്ചു. 59,871 വോട്ടാണ് ബിജെപിക്ക് അധികമായി ലഭിച്ചു. കൂടുതൽ ലീഡ് പ്രതീക്ഷിച്ച സിപിഐയുടെ ചടയമംഗലവും പുനലൂരും എൽഡിഎഫിനെ കൈവിട്ടു. എം. മുകേഷ് വോട്ടു ചെയ്ത ബൂത്തിൽ പോലും മുകഷ് മൂന്നാംസ്ഥാനത്തു പോയി. 27105 വോട്ടിന്റെ ലീഡാണ് കുണ്ടറ യുഡിഎഫിന് നൽകിയത്. 2019 നേക്കാൾ 1446 വോട്ട് കൂടുതൽ നേടി ഒരുലക്ഷത്തി അമ്പതിനായിരത്തി മുന്നൂറ്റി രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രേമചന്ദ്രന്റെ വിജയം.