Image Courtesy: Facebook/Vazhoor Soman
വാഴൂര്‍ സോമന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. യുഡിഎഫ് സ്ഥാനാര്‍ഥി സിറിയക് തോമസ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിധി നിരാശാജനകമെന്ന് സിറിയക് തോമസ്. പകര്‍പ്പ് ലഭിച്ച ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും സിറിയക് തോമസ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചു എന്നാരോപിച്ചായിരുന്നു ഹർജി.
സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വെയർ ഹൗസിങ് കോർപറേഷന്‍ ചെയർമാനായിരിക്കെയാണ് വാഴൂർ സോമൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എന്നും നാമനിർദേശ പത്രികയിൽ ഇക്കാര്യം മറച്ചുവച്ചു എന്നുമായിരുന്നു സിറിയക് തോമസിന്റെ ആരോപണം.വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ സ്ഥാനം വഹിച്ചുകൊണ്ട് നാമനിർദേശ പത്രിക നൽകിയത് ഇരട്ടപദവിയുടെ പരിധിയിൽ വരും. ബാധ്യതകളും വരുമാനവും സംബന്ധിച്ച് സാക്ഷ്യപത്രം നൽകിയില്ല, ഇക്കാര്യങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും വാഴൂർ സോമനെതിരെ എതിരാളി ഉന്നയിച്ചിരുന്നു.
സിപിഐ നേതാവായ വാഴൂര്‍ സോമന്‍ 1698 വോട്ടുകള്‍ക്കാണ് സിറിയക് തോമസിനെ പരാജയപ്പെടുത്തിയത്. പീരുമേട്ടിൽ നിന്ന് ഹാട്രിക് വിജയം നേടിയ ഇ.എസ്.ബിജിമോളുടെ പിൻഗാമിയായാണ് വാഴൂർ സോമന്റെ മത്സരിച്ചത്.