ദുബായിലെ എക്സാലോജിക് കമ്പനിയും വീണയുടെ കമ്പനിയും വ്യത്യസ്തമെന്ന് തോമസ് ഐസക്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ആ കമ്പനിക്ക് രാഷ്ട്രീയബന്ധമില്ല. ഷോണ്‍ ജോര്‍ജ് മെനഞ്ഞത് കള്ളക്കഥയാണ്.. വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നാണ്. മസാല ബോണ്ടുമായി ബന്ധപ്പെടുത്തിയ ആരോപണവും അടിസ്ഥാനരഹിതമെന്ന് ഐസക്ക്. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് ലാവലിന്‍റെ ഉപകമ്പനിയല്ല. പല കമ്പനികളിലെന്നപോലെ ലാവലിന്‍റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. മസാല ബോണ്ട്  ഇറക്കുന്നത് സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നതെന്നും ഐസക്ക് ഫെയ്സ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക് പറഞ്ഞ കമ്പനിയപ്പറ്റിയല്ല തന്റെ ആരോപണമെന്ന് ഷോണ്‍ ജോര്‍ജ് മനോരമ ന്യൂസിനോട്. ആരോപണമുന്നയിച്ചത് വീണ വിജയന്റെ കമ്പനിയുടെ അബുദാബിയിലെ അക്കൗണ്ടിനെക്കുറിച്ചു തന്നെയാണ്. മാനനഷ്ടക്കേസ് നല്‍കാന്‍ എന്തുകൊണ്ടാണ് വീണ തയാറാകാത്തത്. തന്റെ പേരില്‍ അക്കൗണ്ടില്ലെന്ന് വീണ പറയാത്തത് എന്താണെന്നും ഷോണ്‍ ചോദിച്ചു.     

അതിനിടെ സിഎംആർഎൽ - എക്സാലോജിക് ദുരൂഹ ഇടപാടിൽ എസ്.എഫ്‌.ഐ.ഒ അന്വേഷണം വേണമെന്ന ഹര്‍ജി  തീര്‍പ്പാക്കി. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഷോണ്‍ ജോര്‍ജിന്റെ ഉപഹര്‍ജിയിലെ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു. 

എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ കെ.എസ്.ഐ.ഡി.സിയുടെ ഹര്‍ജിയില്‍ കോടതി ജൂലൈ 15ന് വിശദമായ വാദം കേള്‍ക്കും. ഹര്‍ജിയില്‍ അധിക സത്യവാങ്മൂലം നല്‍കാനുണ്ടെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. ഈ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് അപേക്ഷ നൽകി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ  അപേക്ഷയിൽ കോടതി തീരുമാനം എടുക്കും. മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജൂലൈ 29ലേക്ക് മാറ്റി.  

ENGLISH SUMMARY:

Thomas Isaac Dismisses Allegations, Clarifies Differences Between Veena's Company and Dubai's Exalogic