രാജ്യസഭയിലേക്ക് പുതുമുഖത്തെ സ്ഥാനാര്‍ഥിയാക്കുന്നതിന് പ്രമുഖ്യം നല്‍കി മുസ്ലിം ലീഗ്. പിഎംഎം സലാമിനും യുവനേതാക്കളായ പികെ ഫിറോസിനും ഫൈസല്‍ ബാബുവിനും പുറമെ സി.പി. ബാവ ഹാജി, അന്‍വര്‍ അമീന്‍ ചേലാട്ടില്‍, ഹാരിസ് ബീരാന്‍ തുടങ്ങിയ പേരുകളാണ് ലീഗിന് മുന്നിലുളളത്.
കുറ്റിപ്പുറത്ത് നിന്നുളള നേതാവ് സി.പി ബാവാ ഹാജി മുസ്ലിം ലീഗിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. നിയമസഭയിലേക്ക് അവസരം കൊടുക്കാന്‍ കഴിയാതെ പോയ പ്രമുഖ വ്യവസായി കൂടിയായ ബാവ ഹാജിയെ പരിഗണിക്കണം എന്ന വികാരം ലീഗ് നേതൃത്വത്തിനുണ്ട്. സുപ്രീംകോടതിയിലെ അഭിഭാഷകനായ ഹാരിസ് ബീരാനാണ് ചര്‍ച്ചയിലുളള പേരുകളിലൊന്ന്. ഡല്‍ഹിയിലെ കെഎംസിസി നേതാവ് കൂടിയാണ് ഹാരിസ് ബീരാന്‍. നിലവില്‍ ഇന്ത്യന്‍ അത്ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിലിന്‍റെ പേരും പരിഗണനയിലുണ്ട്. അന്‍വര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും ലീഗിന്‍റെ കുറ്റിപ്പുറം നിയോജക മണ്ഡലം ഭാരവാഹിയുമാണ്. സംസ്ഥാനത്തും ഗള്‍ഫ് രാജ്യങ്ങളിലും മുസ്ലിം ലീഗിന് എല്ലാവിധ പിന്തുണയും നല്‍കുന്ന വ്യവസായ കുടുംബത്തിലെ അംഗം എന്ന നിലയിലുമാണ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിലിന്‍റെ പേര് ഉയര്‍ന്നു വന്നത്.
പിഎംഎ സലാമിന്‍റെ പേരുണ്ടെങ്കിലും സംസ്ഥാന ജനറല്‍ സെക്രട്ടറിയായതുകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരുകയല്ലേ ഉചിതം എന്ന ചോദ്യ പാര്‍ട്ടിക്കു മുന്നിലുണ്ട്. ലോക്സഭയിലേക്ക് മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ രാജ്യസഭയിലേക്ക് ഒരു യുവാവിന് അവസരം നല്‍കണമെന്ന അഭിപ്രായവും ലീഗ് നേതൃത്വത്തിനുണ്ട്. യുവാക്കളില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ പേരാണ് മുന്നിലുളളത്. ഫിറോസിന് അവസരം നല്‍കണമെന്ന പൊതുവികാരം യൂത്ത് ലീഗിനുളളിലുമുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ ബാബുവിന്‍റെ പേരും പട്ടികയിലുണ്ട്.